ad
Deshabhimani

print edition കെഎസ്‍യു പകവീട്ടൽ: പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽക്കയറി ബൈക്ക് കത്തിച്ചു

KSU Revenge police officer bike.jpg

പോലീസ് കോൺസ്റ്റബിൾ വിവേകിന്റെ ബൈക്ക് അക്രമികൾ കത്തിച്ച നിലയിൽ

വെബ് ഡെസ്ക്

Published on May 25, 2026, 12:01 AM | 1 min read

അഞ്ചൽ: മൂന്നുവർഷം മുന്പുള്ള സംഭവത്തിന്‌ പ്രതികാരമായി കെഎസ്‌യുക്കാർ പൊലീസ്‌ ഉദ്യോഗസ്ഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി കാർപോർച്ചിൽ പാർക്കുചെയ്‌തിരുന്ന ബൈക്ക് കത്തിച്ചു. സ്റ്റെപ്പിൽ കരിഓയിൽ ഒഴിച്ച അക്രമികൾ വീട്ടുമുറ്റത്ത് നിന്ന ഡ്രാഗൺ ഫ്രൂട്ട്‌ ചെടിയും വെട്ടി നശിപ്പിച്ചു.


ആറന്മുള സ്റ്റേഷനിലെ സിപിഒ വി എസ് വിവേകിന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് കത്തിച്ചത്. മൂന്നുവർഷം മുന്പ്‌ പുനലൂരിൽ നടന്ന പൊലീസ് നടപടിക്കുള്ള പ്രതികാരമാണെന്നും ഇനിയും കൈകാര്യം ചെയ്യുമെന്നും സൂചിപ്പിക്കുന്ന കത്തും സംഭവസ്ഥലത്തുനിന്ന്‌ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി 12.30നും ഒന്നിനും ഇടയിലാണ് സംഭവം. തുറന്നിട്ടിരുന്ന ജനലിലൂടെ പുക വീട്ടിനുള്ളിലേക്ക് കടന്നപ്പോഴാണ് വീട്ടുകാർ ഉണർന്നത്. സിറ്റൗട്ടിൽ തീ ആളിക്കത്തുന്നത് കണ്ട് വിവേകും അച്ഛൻ വേണുരാജൻനായരും വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് ബൈക്ക് കത്തുന്നത്‌ കണ്ടത്‌.


പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും രണ്ടുപേരും സിറ്റൗട്ടിന്റെ സ്റ്റെപ്പിൽ തെന്നി വീണു. പിന്നാലെ എത്തിയ വിവേകിന്റെ അമ്മയും തെന്നി വീണു. സമീപവാസിയും പഞ്ചായത്ത് അംഗവുമായ ഷീലയെ ഉടൻതന്നെ വിവരം അറിയിച്ചു. ഷീലയും ഭർത്താവും എത്തിയാണ് തീയണച്ചത്. മൂന്നുവർഷം മുമ്പ് പുനലൂർ നടന്ന കെഎസ്‌യു ആക്രമണത്തിനെതിരെ പൊലീസ് ലാത്തി വീശിയിരുന്നു. അടൂർ ക്യാമ്പിൽ ജോലി നോക്കിയിരുന്ന വിവേകും പൊലീസ് സംഘത്തിലു ണ്ടായിരുന്നു. വീട്ടിൽ കയറി കൈകാര്യം ചെയ്യുമെന്ന് അന്ന്‌ കെഎസ്‌യുക്കാർ ഭീഷണി മുഴക്കിയിരുന്നു. പുനലൂർ എസിപി അപർണ, അഞ്ചൽ എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ വിവേകിന്റെ വീട് സന്ദർശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home