ആഭ്യന്തരമന്ത്രിയുടെ സ്വന്തം ആളാണ്, സ്ഥലം മാറ്റും; വനിതാ എഎസ്ഐയെ സ്റ്റേഷനിൽ കയറി അസഭ്യം പറഞ്ഞ് കെഎസ്‍യു നേതാവ്

രമേശ് ചെന്നിത്തലയ്ക്കൊപ്പം അൻവർ സുൽഫിക്കർ

സ്വന്തം ലേഖകൻ
Published on Aug 06, 2026, 06:57 AM | 1 min read
കൊട്ടാരക്കര : സ്റ്റേഷനിൽ കയറി വനിതാ എഎസ്ഐക്കു നേരെ കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ തെറിവിളിയും ഭീഷണിയും. കൊട്ടാരക്കര സ്റ്റേഷനിലെ എഎസ്ഐ ഷൈലജകുമാരിയെയാണ് കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ചൊവ്വ വൈകിട്ട് ആറിനാണ് സംഭവം.
ആഭ്യന്തരമന്ത്രിയുടെ സ്വന്തം ആളാണെന്നും നിന്നെ ഉടൻ സ്ഥലംമാറ്റും എന്നുമായിരുന്നു ഭീക്ഷണി. സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയതിൽ ഷൈലജകുമാരി ഇൻസ്പെക്ടർക്ക് പരാതി നൽകി. എന്നാൽ, പരാതിയിൽ കേസെടുത്തിട്ടില്ല. ഇത് പൊലീസുകാർക്കിടയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കി.
കൊട്ടാരക്കര റെയിൽവേ സ്റ്റേഷനു സമീപം വാഹന പരിശോധന നടത്തുന്നതിനിടയിൽ മദ്യപിച്ച് ബൈക്ക് ഓടിച്ചെത്തിയ നെടുമൺകാവ് സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇതറിഞ്ഞെത്തിയ അൻവർ സുൽഫിക്കർ കേസെടുക്കരുതെന്ന് ആവശ്യപ്പട്ടു. കസ്‌റ്റഡിയിലെടുത്ത ബൈക്കും യുവാവിനെയും സ്‌റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടുപോകുമെന്നും പറഞ്ഞ് പൊലീസുകാരോട് കയർത്തു.
എസ്എച്ച്ഒ സ്ഥലത്തില്ലെന്നും അദ്ദേഹം പറഞ്ഞാൽ മാത്രമേ വാഹനത്തിന്റെ താക്കോൽ നൽകാൻ കഴിയൂ എന്നും വനിതാ എഎസ്ഐ പറഞ്ഞു. ഇതിനെ തുടർന്ന് ക്ഷുഭിതനായ അൻവർ സുൽഫിക്കർ അസഭ്യം വിളിച്ചുകൊണ്ട് വനിതാ എഎസ്ഐയുടെ അടുത്ത് ചെന്ന് നെയിം പ്ലേറ്റിൽനിന്ന് പേര് കുറിച്ചെടുത്ത് ഭീക്ഷണിപ്പെടുത്തുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ അച്ചൻകോവിലേക്ക് സ്ഥലംമാറ്റുമെന്നും ഭീഷണിപ്പെടുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വനിതാ എഎസ്ഐ.










0 comments