ജോൺ ആറാം ദിവസവും അകലെ; മത്സ്യത്തൊഴിലാളിയുടെ ജീവന് പുല്ലുവിലയെന്ന് മക്കൾ

മുഖ്യമന്ത്രി വി ഡി സതീശൻ മത്സ്യത്തൊഴിലാളികൾക്കെതിരേ നടത്തിയ അധിക്ഷേപ പരാമർശം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടിയെ കേൾപ്പിക്കുന്ന ജോണിന്റെ മകൾ ജിജി. ജിത്തുമോൾ, ജിനിൻ എന്നിവർ സമീപം
സ്വന്തം ലേഖകൻ
Published on Aug 06, 2026, 07:21 AM | 1 min read
വിഴിഞ്ഞം : വിഴിഞ്ഞം കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസവും പ്രഹസനമായി. സർക്കാർ ഇടപെടലില്ലെന്ന ആക്ഷേപമുയർന്നിട്ടും ഉന്നത ഉദ്യോഗസ്ഥർപോലും സ്ഥലത്തെത്തുകയോ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയോ ചെയ്യുന്നില്ല.
കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് മരിച്ച കല്ലിയൂർ സ്വദേശി രാജേഷിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി തൊട്ടടുത്ത് പുല്ലുവിളയിലെ ജോണിന്റെ വീട്ടിലെത്തുകയോ കുടുംബത്തെ ആശ്വസിപ്പിക്കുകയോ ചെയ്‌തില്ല. ഇതിനെതിരെ വലിയ പ്രതിഷേധമുണ്ട്. ബുധനാഴ്ച കോസ്റ്റ് ഗാർഡ് തിരച്ചിലിനായി കപ്പലിറക്കിയത് പകൽ രണ്ടോടെയാണ്. ചൊവ്വാഴ്‌ച കൊച്ചിയിൽനിന്ന് പുറപ്പെട്ട മറ്റൊരു കപ്പലും ഉച്ചയോടെയാണ് അപകടസ്ഥലത്തെത്തിയത്.
ആകാശ തിരച്ചിലും കാര്യക്ഷമമായി നടന്നില്ല. നല്ല കാലാവസ്ഥയിൽ ആകാശ തിരച്ചിൽ നടത്തുന്നില്ല. കാറ്റും മഴക്കോളുമുള്ളപ്പോഴുള്ള തിരച്ചിൽ ഫലപ്രദമല്ല. മൂന്നുപേർ വീതമടങ്ങിയ കോസ്‌റ്റ് ഗാർഡിന്റെ രണ്ട് തിരച്ചിൽ വള്ളവും ബുധനാഴ്‌ച വൈകിയാണ് പുറപ്പെട്ടത്. വിവരങ്ങൾ വീഴ്ചയില്ലാതെ ഉടനടി അറിയിക്കാമെന്ന് കുടുംബത്തിന് ഉറപ്പുനൽകിയ ഉദ്യോഗസ്ഥർ പാലിച്ചില്ല. ജോണിന്റെ മക്കൾ പലവട്ടം ബന്ധപ്പെടുമ്പോഴാണ് ഫിഷറീസ് എഡി ഫോണെടുക്കുന്നത്. തങ്ങളെ വിളിച്ചുവരുത്തി തിരച്ചിൽ ശക്തിപ്പെടുത്തുമെന്ന് ഉറപ്പുനൽകിയവർ കബളിപ്പിച്ചെന്ന് മകൾ ജിജി പറഞ്ഞു. ന്യൂനപക്ഷ വിഭാഗമായതിനാൽ മത്സ്യത്തൊഴിലാളികളുടെ ജീവന് സർക്കാർ പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്ന് ജിജി ആരോപിച്ചു.
വൈകിട്ടോടെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി പുല്ലുവിളയിലെ വീട്ടിലെത്തി ജോണിന്റെ ഭാര്യ വത്സലയെയും മക്കളെയും കണ്ടു. അപകടം നടന്ന് ആറുദിവസമായിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയാണ് സംഭവിച്ചതെന്നും കലക്ടർ സ്ഥലത്തെത്തുകയോ ഫോണെടുക്കുകയോ ചെയ്യുന്നില്ലെന്നും അവർ പരാതി പറഞ്ഞു. ശിവൻകുട്ടി സ്വന്തം ഫോണിൽനിന്ന് കലക്ടർ അനുകുമാരിയുമായി ബന്ധപ്പെട്ടു. തുടർന്നാണ് കലക്ടർ മക്കളുമായി സംസാരിച്ചത്. അടുത്ത ദിവസംമുതൽ അന്വേഷണം ശക്തമാക്കുമെന്ന് കലക്ടർ ഉറപ്പു നൽകി. കോസ്റ്റ്ഗാർഡ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവർ തിരച്ചിൽ നടത്തുന്നുണ്ടെന്നും നേവിയുടെ സഹായം തേടി കത്ത് നൽകിയതായും അധികൃതർ പറഞ്ഞു.









0 comments