കെഎസ്‌യുവിൽ ചേരിപ്പോര് രൂക്ഷം; അലോഷ്യസിനെ വിമർശിച്ച് എറണാകുളം ജില്ലാ പ്രസിഡന്റ്

കൊച്ചി: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെയും നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനവുമായി എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാൽ രംഗത്ത്. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരെ അലോഷ്യസ് സേവ്യർ ഉന്നയിച്ച വിമർശനങ്ങൾക്കെതിരെയാണ് കൃഷ്ണലാൽ പരസ്യമായി രംഗത്തെത്തിയത്.
ഫേസ്‌ബുക്കിലൂടെയായിരുന്നു ജില്ലാ പ്രസിഡന്റിന്റെ പ്രതികരണം. ആർഎസ്എസ് ബന്ധമുള്ള അഭിഭാഷകനെ പ്ലീഡറായി നിയമിച്ചതിനെ ന്യായീകരിച്ച കൃഷ്ണലാൽ, നിയമനത്തിൽ മുഖ്യമന്ത്രി എടുത്ത നിലപാടിൽ തെറ്റില്ലെന്ന് വ്യക്തമാക്കി.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം വച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ ജില്ലാ പ്രസിഡന്റ്, കെഎസ്‌യു ഗ്രൂപ്പ് മാനേജർമാർക്കും നേതാക്കൾക്കും മറുപടിയുണ്ടെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ സൂചിപ്പിച്ചു.
അതേസമയം, കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ മുഖ്യമന്ത്രി അവഗണിക്കുന്നു എന്നാരോപിച്ച് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ, എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ അലോഷ്യസ് സേവ്യറിന് പിന്തുണയുമായി ബാനർ പ്രത്യക്ഷപ്പെട്ടത് ചർച്ചയായി.
കെഎസ്‌യുവിന്റെ ചരിത്രം മറക്കാൻ തങ്ങൾ തയ്യാറല്ലെന്നും, സംഘടനയെ തല്ലിച്ചതയ്ക്കുന്നവർക്ക് നിയമനങ്ങളിൽ പങ്കുണ്ടോയെന്നും ബാനറിൽ ചോദിക്കുന്നു. കെഎസ്‌യു എറണാകുളം അസംബ്ലി ഭാരവാഹികളുടെ പേരിലാണ് ബാനർ സ്ഥാപിച്ചിരുന്നത്.
എന്നാൽ, ഇത് അധികം വൈകാതെ നീക്കം ചെയ്യപ്പെടുകയും ചെയ്തു. സർക്കാരിനെതിരെ കെഎസ്‌യു അധ്യക്ഷൻ പരസ്യമായി രംഗത്തെത്തിയതും, ഇതിനെതിരെ ഔദ്യോഗിക പക്ഷം നിലപാട് കടുപ്പിച്ചതും കോൺഗ്രസിലും പോഷക സംഘടനകളിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.










0 comments