print edition രാഷ്‌ട്രീയ പകപോക്കൽ; നിയമപോരാട്ടത്തിലൂടെ വിജയംനേടി കെഎസ്‌ടിഎ നേതാക്കൾ


സ്വന്തം ലേഖകൻ
Published on Sep 19, 2026, 01:01 AM | 1 min read
കൽപ്പറ്റ : രാഷ്ട്രീയ പകപോക്കലിനെതിരെ നിയമപോരാട്ടത്തിലൂടെ വിജയംനേടി കെഎസ്‌ടിഎ നേതാക്കളായ അധ്യാപകർ. കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്, വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി വിൽസൺ തോമസ് എന്നിവരാണ് രാഷ്‌ട്രീയ പ്രേരിതമായി കാസർകോട്ടേക്ക് സ്ഥലം മാറ്റിയ സർക്കാർ നടപടി നിയമപോരാട്ടത്തിലൂടെ തിരുത്തിച്ചത്. ഇരുവരും വെള്ളിയാഴ്‌ച വയനാട്ടിലെ വിദ്യാലയങ്ങളിൽ സർവീസിൽ പ്രവേശിച്ചു.
കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽനിന്ന് അനുകൂലവിധി നേടിയാണ് രാഷട്രീയ പകപോക്കലിന് മറുപടി നൽകിയത്.
എസ്‌എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായി ജോലിചെയ്തിരുന്ന ഇവർ മാതൃവകുപ്പിലേക്ക് തിരികെ പോകാൻ അപേക്ഷ സമർപ്പിച്ചിരുന്നു. ബിനേഷിനെ പെരിക്കല്ലൂർ ജിഎച്ച്‌എസ്‌എസിലും വിൽസൺ തോമസിനെ നൂൽപ്പുഴ രാജീവ് ഗാന്ധി എംആർഎസിലും നിയമിച്ച് ജൂൺ അഞ്ചിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. എന്നാൽ ഇൗ വിദ്യാലയങ്ങളിൽ ജോലിയിൽ പ്രവേശിപ്പിക്കാൻ സ്ഥാപന മേധാവികൾ തയ്യാറായില്ല. ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് പ്രവേശനം തടഞ്ഞു. തൊട്ടടുത്ത ദിവസം ബിനേഷിനെ കാസർകോട് പൈവെളിഗ നഗർ ജിഎച്ച്‌എസ്‌എസിലേക്കും വിൽസൺ തോമസിനെ കാസർകോട് ചെർക്കള ജിഎച്ച്‌എസ്‌എസിലേക്കും മാറ്റിനിയമിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ മറ്റൊരു ഉത്തരവിറക്കി. ഇതിനെതിരെയാണ് അധ്യാപകർ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ട്രിബ്യൂണൽ സ്‌റ്റേചെയ്‌തു. പകപോക്കാനായി ഇതിനുപിന്നാലെ എസ്‌എസ്‌കെയിൽനിന്ന് അധ്യാപകരെ നീക്കി ഉത്തരവിറക്കി.
വീണ്ടും കേസ് പരിഗണിച്ച ട്രിബ്യൂണൽ അധ്യാപകരെ ഹിയറിങ് നടത്തി നിയമപരമായ നിയമനം നൽകാൻ ഉത്തരവിലൂടെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. ഹിയറിങ്ങിൽ ബിനേഷിനെ വയനാട്ടിലെ വടുവഞ്ചാൽ ജിഎച്ച്‌എസ്‌എസിലും വിൽസൺ തോമസിനെ വെള്ളമുണ്ട ജിഎംഎച്ച്‌എസ്‌എസിലും നിയമിച്ചു.










0 comments