print edition കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; ആശങ്കയിൽ സ്വകാര്യ ബസ് വ്യവസായ മേഖല

തിരുവനന്തപുരം: കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര ഏർപ്പെടുത്തുമ്പോൾ സ്വകാര്യബസ് വ്യവസായത്തെകൂടി സംരക്ഷിക്കണമെന്ന് ബസുടമകൾ. തങ്ങളുടെ ആവശ്യം പരിഗണിക്കാതെയാണ് പുതിയ തീരുമാനം. സ്വകാര്യബസിൽ 60 ശതമാനത്തിലധികം സ്‌ത്രീയാത്രികരാണ്. പുതിയ തീരുമാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിയുണ്ടാക്കുമെന്നാണ് ബസുടമകൾ പറയുന്നത്.
സ്വകാര്യബസ് മേഖല നഷ്ടത്തിലാണെന്ന് ബസുടമകൾ പറയുന്നു. ഇന്ധനവില, നികുതി, പെർമിറ്റ് ഫീസ്, ഇൻഷുറൻസ് പ്രീമിയം, സ്‌പെയർപാർട്‌സ് ചെലവ്, കൂലി എന്നിവ ഗണ്യമായി വർധിച്ചു. പതിനായിരത്തോളം സ്വകാര്യബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്.
കർണാടകയിലും തമിഴ്‌നാട്ടിലും വനിതകൾക്ക് യാത്രാസൗജന്യമുണ്ടെങ്കിലും അവിടെ സ്വകാര്യബസുകൾ കുറവാണ്. നിലവിൽ സംസ്ഥാനത്തെ 16,545 റൂട്ടുകളിൽ 4609 റൂട്ട്‌മാത്രമാണ് കെഎസ്‌ആർടിസിക്കുള്ളത്. വടക്കൻ കേരളത്തിൽ കെഎസ്‌ആർടിസി ബസുകൾ കുറവാണ്. അവിടെ കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾ സൗജന്യയാത്ര അനുവദിച്ചാൽ വൻതിരക്കാകും.
സ്വകാര്യബസ് വ്യവസായം സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് വേണമെന്നും സ്വകാര്യ ബസുകൾ സർക്കാർ വാടകയ്‌ക്കെടുത്ത് ഓടിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ട് ഇൗ ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും ചർച്ചയ്‌ക്ക് തയ്യാറാകാതെ സർക്കാർ തീരുമാനമെടുക്കുകയായിരുന്നു. ഇതിൽ സംഘടനകൾക്ക് പ്രതിഷേധമുണ്ട്. ഭാവി പരിപാടികൾ തീരുമാനിക്കാൻ വ്യാഴാഴ്‌ച തൃശൂരിൽ ബസുടമകൾ യോഗം ചേരും.










0 comments