ad
Deshabhimani

യുഡിഎഫ് നടത്തുന്നത് കെഎസ്ആർടിസിയെ ഞെരുക്കാനുള്ള പരീക്ഷണങ്ങൾ : പിണറായി വിജയൻ

Pinarayi Vijayan.jpg
വെബ് ഡെസ്ക്

Published on Sep 22, 2026, 07:54 PM | 2 min read

തിരുവനന്തപുരം: കെഎസ്ആർടിസിയെ എങ്ങനെയൊക്കെ ഞെരുക്കാനാകുമെന്ന പരീക്ഷണങ്ങളാണ് ഇപ്പോൾ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊതുഗതാഗത സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


2016 ന് ശേഷം ഏതാണ്ട് 10,000 കോടി രൂപയുടെ സഹായമാണ് എൽഡിഎഫ് സർക്കാർ കെഎസ്ആർടിസിക്ക് നൽകിയതെന്ന് പിണറായി വിജയൻ പറഞ്ഞു. കോവിഡ് മഹാമാരിയും ഇന്ധനവില വർധനയും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ കെഎസ്ആർടിസിയിൽ പ്രതിസന്ധി സൃഷ്ടിച്ചു. 2021-22 കാലത്ത് മാത്രം 2,076 കോടി രൂപയാണ് സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.


എന്നാൽ, ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണെന്നും കെഎസ്ആർടിസിയെ എങ്ങനെയൊക്കെ ഞെരുക്കാനാകുമെന്ന പരീക്ഷണങ്ങളാണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിക്ക് നൽകേണ്ട 80 കോടി രൂപ ഇതുവരെ അനുവദിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും സർക്കാർ സഹായം പൂർണമായി മുടങ്ങിയതോടെ ബസുകളിൽ ഡീസൽ അടിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും ഇതിന്റെ ഭാഗമായി മാനേജ്മെന്റ് സർവീസുകൾ വെട്ടിക്കുറയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ച ഘട്ടത്തിൽ 3,241 ഓർഡിനറി ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിൽ സംസ്ഥാനത്ത് 2,663 ബസുകൾ മാത്രമാണ് ഓടുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. സ്പെയർപാർട്സുകൾ വാങ്ങാനും അറ്റകുറ്റപ്പണികൾ നടത്താനും പണമില്ലെന്നും 600ഓളം ബസുകൾ കട്ടപ്പുറത്താണെന്നും കഴിഞ്ഞമാസം ജീവനക്കാരുടെ പെൻഷൻ വിതരണത്തിന് സർക്കാർ പണം നൽകാൻ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


നേരത്തെയുണ്ടാക്കിയ സഹകരണ കൺസോർഷ്യത്തിൽ നിന്ന് മാറ്റി കെഎഫ്സിക്ക് കൈമാറാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇതിലെ സാങ്കേതിക തടസ്സങ്ങൾ മൂലം പെൻഷൻ മുടങ്ങുന്ന വലിയ ബാധ്യതയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. 600 കോടി രൂപയുടെ സഹായം യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഇപ്പോൾ കെഎഫ്സി വഴി വായ്പയാക്കി മാറ്റിയിരിക്കുകയാണെന്നും ഇതിന്റെ പലിശ കെഎസ്ആർടിസി സ്വന്തം വരുമാനത്തിൽ നിന്ന് അടയ്ക്കണമെന്നാണ് നിർദേശം. ഈ ബാധ്യത കൂടി വരുന്നതോടെ 60 കോടി രൂപ പലിശയായി കെഎസ്ആർടിസിക്ക് നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനിടയിലാണ് സർക്കാരിന്റെ വലിയ ഗിമ്മിക്കുകൾ വരുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഓണക്കാലത്ത് ഒരു ദിവസം 10 കോടി 86 ലക്ഷം രൂപയുടെ സർവകാല റെക്കോർഡ് കെഎസ്ആർടിസി നേടിയെന്ന് സർക്കാർ കൊട്ടിഘോഷിച്ചെങ്കിലും ഇതിൽ നാല് കോടി രൂപ സൗജന്യ ടിക്കറ്റിന്റെ ചാർജ് കൂടി ഉൾപ്പെട്ടതായിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. നിലവിൽ 2,692 കോടി രൂപയുടെ കടബാധ്യതയിലാണ് കെഎസ്ആർടിസിയെന്നും വായ്പ തിരിച്ചടവിന് മാത്രം പ്രതിദിനം ഒരു കോടി 10 ലക്ഷം രൂപ ആവശ്യമായി വരുന്നതായും പിണറായി വിജയൻ പറഞ്ഞു.


ഇത് കൃത്യമായ ഒരു അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുമേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നവലിബറൽ നയങ്ങളുടെ ഭാഗമായി കേരളത്തിലും നടപടികൾ സ്വീകരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. നവലിബറൽ നയം ആരംഭിച്ചത് കോൺഗ്രസാണെന്നും 1991ൽ കോൺഗ്രസ് ഈ നയം നടപ്പാക്കിയപ്പോൾ ബിജെപി അതിനോട് യോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേ നയമാണ് ബിജെപി ഇന്ന് നടപ്പാക്കുന്നതെന്നും കേരളത്തിലെ കോൺഗ്രസ് ഭരിക്കുന്ന സർക്കാരും ഇത് ഇവിടെ നടപ്പാക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home