പട്ടികജാതി വിഭാഗത്തിനുള്ള ഫണ്ടുകൾ ഉടൻ നൽകണം: കെഎസ്‌കെടിയു

തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങൾക്കായുള്ള പദ്ധതികൾക്ക് ഫണ്ട് അനുവദിക്കാതെ അട്ടിമറിക്കുകയും പതിനായിരക്കണക്കിന് ദരിദ്രകുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന യുഡിഎഫ് സർക്കാരിനെതിരെ പ്രതിഷേധം ഉയർത്തണമെന്ന് കെഎസ്‌കെടിയു. പട്ടികജാതി ജനവിഭാഗങ്ങളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിലെ സർക്കാർ അവഗണനയുടെയും വഞ്ചനയുടെയും ഉദാഹരണമാണ് ഫണ്ട് നിഷേധിക്കൽ.
നിർധനരോഗികൾക്ക് അടിയന്തര ആവശ്യങ്ങൾക്കായി നൽകുന്ന ചികിത്സാസഹായ പദ്ധതി പൂർണമായും സ്തംഭിച്ചു. ഏക വരുമാനദായൻ മരിക്കുമ്പോൾ കുടുംബങ്ങൾക്ക് താങ്ങായിരുന്ന ധനസഹായ പദ്ധതിയും അട്ടിമറിച്ചു. സെയ്ഫ്, പഠനമുറി, ട്രെയ്സ് പദ്ധതികളും നിലച്ചു. തദ്ദേശസ്ഥാപനങ്ങൾ വഴിയും പട്ടികജാതി വികസന വകുപ്പ് വഴിയും നടപ്പാക്കേണ്ട ഭവന നിർമാണം, വിദ്യാഭ്യാസം, സ്വയംതൊഴിൽ എന്നിവയ്ക്കുള്ള ഫണ്ടുകൾ ട്രഷറി നിയന്ത്രണങ്ങളുടെ പേരിൽ തടഞ്ഞുവച്ചിരിക്കുകയാണ്.
പട്ടികജാതി ജനവിഭാഗങ്ങളോട് ആർഎസ്എസ് പുലർത്തുന്ന ശത്രുതാമനോഭാവത്തോനൊപ്പമാണ് കേരളത്തിൽ മുന്നോട്ടുപോകുന്ന മുഖ്യമന്ത്രിയും കൂട്ടരും. പട്ടികജാതി വിഭാഗങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നൽകിയില്ലെങ്കിൽ ശക്തമായ സമരത്തിന് നിർബന്ധിതമാകുമെന്ന് യൂണിയൻ പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പറഞ്ഞു.









0 comments