‘രാഷ്ട്രീയവഴിയിലെ മറ്റൊരു അധ്യായം’; എം ഗിരീഷിന്റെ മകളുടെ ഫെയ്സ്ബുക് കുറിപ്പ് ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം : കോഴിക്കോട് ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷിന്റെ മകൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞ ദിവസം അച്ഛനെ കാണാൻ ജയിലിൽ പോയിരുന്നു, എന്ന വരികളിൽ തുടങ്ങുന്ന കുറിപ്പിൽ അച്ഛന്റെ രാഷ്ട്രീയവഴിയിലെ മറ്റൊരു അധ്യായം മാത്രമാണ് ഈ ജയിൽവാസമെന്നാണ് മകൾ മഴ കുറിച്ചിരിക്കുന്നത്. അച്ഛന്റെ ജയിൽവാസ കാലത്തെ, ജീവിതത്തിലെ ഏറ്റവും ആവേശകരമായൊരു ഓർമയായി കുറിച്ചുവയ്ക്കുകയാണ് എം ഗിരീഷിന്റെ മകൾ മഴ.
മഴയുടെ ഫെയ്സ്ബുക് കുറിപ്പ് :
കഴിഞ്ഞ ദിവസം അച്ഛനെ കാണാൻ ജയിലിൽ പോയിരുന്നു.
ഇതിനുമുമ്പ്, 2009 ലോ 2010 ലോ അച്ഛൻ DYFIയുടെ ജില്ലാ ഭാരവാഹിയായിരുന്ന സമയത്താണ് ജയിലിൽ കിടന്നിട്ടുള്ളത്. അന്ന് അച്ഛനെ കാണാൻ പോയതിന്റെ കഥകളൊക്കെ അച്ഛനും അമ്മയും പറഞ്ഞുതന്ന ഓർമ്മകൾ മാത്രമാണ് എനിക്കുള്ളത്.
ഇന്ന് അച്ഛനെ കാണാൻ പോകുന്നതിന് മുമ്പ് പലതവണയും ഞാൻ എന്റെ മനസ്സിൽ ചോദിച്ചിരുന്നു “ഈ സമയം അച്ഛൻ അവിടെ എന്ത് ചെയ്യുകയായിരിക്കും?” അത് അച്ഛനോട് ചോദിച്ചപ്പോൾ, “വായിക്കും” എന്നായിരുന്നു മറുപടി. അച്ഛനെ സംബന്ധിച്ചിടത്തോളം, ജയിലിൽ കിട്ടുന്ന ഈ സമയത്തിന്റെ ഒരു നല്ല വശം കുറച്ചുകൂടി വായിക്കാൻ സമയം കിട്ടുന്നു എന്നതായിരിക്കും
അച്ഛൻ ജയിലിലായെന്ന് അറിഞ്ഞതുമുതൽ ഒരുപാട് സഖാക്കൾ വിളിച്ച് “എല്ലാം ഓക്കേയല്ലേ?” എന്ന് അന്വേഷിക്കുകയും, അമ്മയുടെ കാര്യങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. പക്ഷേ, അപ്പോഴൊക്കെ എന്നേക്കാൾ കൂടുതൽ പക്വതയോടെയും ധൈര്യത്തോടെയും കാര്യങ്ങളെ നേരിട്ടിരുന്നത് അമ്മയായിരുന്നു. ഒരുപക്ഷേ, അമ്മയുടെ രാഷ്ട്രീയബോധം തന്നെയായിരിക്കാം അതിന്റെ കാരണം.
ഞാൻ ജനിക്കുന്നതിന് വളരെ മുമ്പുതന്നെ, അച്ഛന്റെ ചെറുപ്പത്തിൽ തന്നെ, അച്ഛൻ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. ഞാൻ ജനിച്ച സമയത്ത് പോലും ഏതോ സമരത്തിന്റെ ഭാഗമായി അച്ഛൻ ലാത്തിച്ചാർജ് നേരിട്ടിട്ടുണ്ടെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുള്ള ഓർമ്മയുണ്ട്. അതുകൊണ്ടുതന്നെ പോലീസും കേസുകളും ജയിലും അച്ഛന് പുതിയ അനുഭവങ്ങളല്ല.
ഞങ്ങളെ രാഷ്ട്രീയബോധമുള്ള വ്യക്തികളായി വളർത്തുന്നതിൽ അച്ഛനും അമ്മയ്ക്കും വലിയൊരു പങ്കുണ്ട്. അവർ ഞങ്ങളെ ഇരുത്തി ഓരോ കാര്യങ്ങളും പറഞ്ഞുതന്നല്ല അതൊക്കെ പഠിപ്പിച്ചത്. അവരിൽ നിന്ന് കണ്ടും കേട്ടും, കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടുമാണ് ഞങ്ങൾ വളർന്നത്.
അതുകൊണ്ടുതന്നെ ഇന്ന് അച്ഛനെ ജയിലിനുള്ളിൽ കണ്ടുനിൽക്കുമ്പോൾ, അത് അച്ഛന്റെ മാത്രം അനുഭവമായി തോന്നിയില്ല. ചെറുപ്പം മുതൽ കണ്ടും കേട്ടും വളർന്ന, ഞങ്ങളുടെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയ ആ രാഷ്ട്രീയജീവിതത്തിന്റെ തന്നെ ഒരു ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ എനിക്കും മുകിലിനും ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ആവേശകരമായൊരു ഓർമ്മയായി ഇത് കുറിച്ചുവയ്ക്കാൻ സാധിക്കും.









0 comments