ad
Deshabhimani

print edition കെഎസ്ആർടിസി കൈപിടിച്ചുയർത്തിയത് എൽഡിഎഫ് സർക്കാർ

ksrtc
avatar
എസ് കിരൺബാബു

Published on Jul 27, 2026, 12:38 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ വരുത്തിവച്ച വൻ കടബാധ്യത കുറച്ചുകൊണ്ടുവന്ന്‌ കെഎസ്ആർടിസിയെ കൈപിടിച്ചുയർത്തിയത് എൽഡിഎഫ് സർക്കാർ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ 3200 കോടി രൂപയുടെ ബാധ്യത 2,692 കോടിയായി എൽഡിഎഫ് സർക്കാർ കുറച്ചു. ചരിത്രത്തിലാദ്യമായാണ് കെഎസ്ആർടിസിയുടെ കടബാധ്യത കുറയ്ക്കാനായത്.


കണ്ണായ ഡിപ്പോകളടക്കം പണയപ്പെടുത്തി വൻ പലിശയ്ക്ക് വിവിധ സ്ഥാപനങ്ങളിൽനിന്ന്‌ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വായ്പയെടുത്തിരുന്നു. എന്നാൽ, എൽഡിഎഫ് സർക്കാർ വന്നശേഷം പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് ഈ വായ്പകളെല്ലാം സർക്കാർ ഗ്യാരന്റിയോടെ പുനഃസംഘടിപ്പിച്ചു. പ്രതിദിനം 1.10 കോടി രൂപ വായ്പയായി തിരിച്ചടച്ചു.


സാധാരണ ഗതിയിൽ കെഎസ്ആർടിസിയുടെ പ്രവർത്തന വരുമാനം മതി ദിനംപ്രതി സർവീസ് നടത്താൻ. പക്ഷേ ഇ‍ൗ പലിശഭാരമാണ് പ്രശ്‌നം. പെൻഷൻ, ശമ്പളം എന്നിവയ്ക്കായി കഴിഞ്ഞ എൽഡിഎഫ് സർക്കാർ 10 വർഷത്തിനിടെ 14,102 കോടി രൂപ നൽകി. ബജറ്റ് വിഹിതത്തിനുപുറമെ സർക്കാർ അനുവദിക്കുന്ന ഈ തുക സഹായം എന്ന ശീർഷകത്തിൽ നൽകിയാൽ അത് ധനകമ്മിയെ ബാധിക്കും. അതിനാൽ വായ്പയായാണ്‌ അനുവദിക്കുക.


ഇങ്ങനെ നൽകിയ തുക പിന്നീട് സർക്കാർ ഓഹരികളാക്കി മാറ്റുകയാണ് പതിവ്. ഈ പണം കെഎസ്ആർടിസി തിരിച്ചു നൽകാറുമില്ല. സർക്കാർ സഹായമായി നൽകിയ ഈ പണം കൂടി വായ്പയായി ചേർത്തുള്ള വ്യാജ പ്രചാരണങ്ങളാണ്‌ ഇപ്പോൾ നടക്കുന്നത്‌. ഇതിന് പുറമെ ശമ്പളത്തിൽനിന്നുള്ള പിഎഫ്, സഹകരണ ബാങ്ക് തിരിച്ചടവുകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുടിശ്ശിക ഇനത്തിൽ 849 കോടി കൊടുക്കാനുണ്ട്.


അതേസമയം, പുതിയ ബസ്സ്‌ വാങ്ങാനെന്നപേരിൽ ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിൽനിന്ന് 1400 കോടിയുടെ പുതിയ വായ്പയെടുക്കാൻ ഒരുങ്ങുകയാണ്‌ യുഡിഎഫ്‌ സർക്കാർ. കെഎസ്ആർടിസിയെ കൂടുതൽ സാമ്പത്തിക ബാധ്യതയിലേക്ക് ഇത്‌ തള്ളിവിടും. പ്രിയദർശിനി പദ്ധതിയുടെ ബാധ്യതയടക്കം പരിഹരിക്കാതെ കമീഷൻ ലക്ഷ്യമിട്ടുള്ള നടപടി വിമർശത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home