print edition നിയമവും പിഴയും സാധാരണക്കാർക്കുമാത്രം: നിരോധിത ‘മോഡിഫിക്കേഷനു’മായി കെഎസ്ആർടിസി ബസുകൾ

മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്യുന്ന എയർപോർട്ട് പമ്പ സർവീസ്
തിരുവനന്തപുരം: സാധാരണക്കാരുടെ വാഹനങ്ങളിലെ ചെറിയ രൂപമാറ്റങ്ങൾക്കുപോലും പതിനായിരങ്ങൾ പിഴ ചുമത്തുന്നതിനിടെ സർക്കാരിന്റെ നിയമലംഘനം. കെഎസ്ആർടിസി വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളിൽ നിയമലംഘനങ്ങൾ വ്യാപകം. എസി സൂപ്പർ ഫാസ്റ്റുകളടക്കം ഭൂരിഭാഗം ബസുകളിലും നിരോധിച്ചിട്ടുള്ള ലേസർ- വർണ ലൈറ്റുകളും സൗണ്ട് സിസ്റ്റവും ഘടിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ മുൻവശത്തെ വിൻഡ്ഷീൽഡിൽ സ്റ്റിക്കറുകളും എൽഇഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ഗതാഗതമന്ത്രി സി പി ജോൺ വ്യാഴാഴ്ച തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്ത എയർപോർട്ട് പമ്പ ബസ് സർവീസിലും ഇത്തരത്തിലെ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് മന്ത്രിയോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ചട്ടലംഘനങ്ങൾ താൻ കണ്ടില്ലെന്നാണ് മന്ത്രിയുടെ മറുപടി.
മോട്ടോർ വാഹന നിയമം സെക്ഷൻ 52, കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ എന്നിവപ്രകാരം ലേസർ ലൈറ്റുകൾ, മിന്നുന്ന വർണ ലൈറ്റുകൾ, അമിതശബ്ദമുള്ള ഓഡിയോ സംവിധാനങ്ങൾ, വിൻഡ്ഷീൽഡിൽ കാഴ്ച തടസ്സപ്പെടുത്തുന്ന അലങ്കാരങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് ഓരോ രൂപമാറ്റത്തിനും 5000 രൂപവീതവും നിരോധിത ലൈറ്റുകൾക്കും ശബ്ദസംവിധാനങ്ങൾക്കും 10,000 രൂപവരെയും പിഴ ഈടാക്കാൻ മോട്ടോർ വാഹന നിയമം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും രജിസ്ട്രേഷനും പെർമിറ്റും റദ്ദാക്കാനും അധികാരമുണ്ട്.
സൗജന്യ യാത്രാപദ്ധതി കാരണം പ്രതിസന്ധിയിലായ സാധാരണ സ്വകാര്യ ബസുടമകളെ സഹായിക്കാനെന്ന പേരിലാണ് കെഎസ്ആർടിസി ബസുകൾ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ, സാധാരണക്കാർ ആശ്രയിക്കുന്ന ഓർഡിനറി റൂട്ടുകളെ പൂർണമായും ഒഴിവാക്കി, കെഎസ്ആർടിസിക്ക് മികച്ച വരുമാനം ലഭിക്കുന്ന ദീർഘദൂര റൂട്ടുകൾ വൻകിട ടൂറിസ്റ്റ് ബസ് ലോബിക്ക് തീറെഴുതുകയാണ്.









0 comments