print edition സ്‌ത്രീ സൗജന്യയാത്ര ആഘോഷം; സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ സംഘാടകൻ

സ്ത്രീ സൗജന്യ യാത്ര പദ്ധതിയുടെ നൂറാം ദിനാഘോഷത്തിൽ മന്ത്രി സി പി ജോണിനൊപ്പം ശംഭു പാൽക്കുളങ്ങര വനിതാ കണ്ടക്ടർക്ക് മധുരം നൽകിയപ്പോൾ
തിരുവനന്തപുരം : കെഎസ്‌ആർടിസി പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷ പരിപാടിയിൽ മന്ത്രി സി പി ജോണിനൊപ്പം മുഖ്യസംഘാടകരിലൊരാളായി കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച നേതാവും. ചൊവ്വാഴ്ച തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന ആഘോഷത്തിലാണ് പീഡന പരാതിയിൽ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട വിവേക് എച്ച് നായർ എന്ന ശംഭു പാൽക്കുളങ്ങര പങ്കെടുത്തത്.
ബസിൽ സ്‌ത്രീയാത്രക്കാർക്ക് ലഡു വിതരണം ചെയ്യാനും മന്ത്രിക്കൊപ്പം ഇയാളുമുണ്ടായിരുന്നു. 2022ൽ യൂത്ത് കോൺഗ്രസ് പാലക്കാട് നടത്തിയ ‘ചിന്തൻ ശിബിർ’ ക്യാമ്പിൽ വച്ച് പീഡിപ്പിച്ചതായി യുവതി പരാതി നൽകിയിട്ടും പൊലീസിന് കൈമാറാതെ സംസ്ഥാന നേതൃത്വം മുക്കുകയായിരുന്നു. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പരാതിക്കാരി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പുഷ്‌പലതക്ക് കത്തയച്ചിട്ടും സംസ്ഥാന നേതൃത്വം ഗൗവത്തിലെടുത്തില്ല.
വിവാദം രൂക്ഷമായപ്പോൾ സസ്‌പെൻഡ് ചെയ്തെങ്കിലും തിരിച്ചെടുത്തു. മുഖ്യമന്ത്രി വി ഡി സതീശന്റെ അനുയായിയാണ്. നിലവിൽ തിരുവനന്തപുരം ഡിസിസി എക്‌സിക്യൂട്ടീവ് അംഗവുമാണ്. സർക്കാർ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിയിൽ, ലൈംഗികാതിക്രമത്തിൽ ആരോപണവിധേയനായ നേതാവ് സംഘാടകനായി എത്തിയതിൽ കോൺഗ്രസിനകത്ത് വിമർശമുണ്ട്. മറ്റ് പല യൂണിറ്റുകളിലും കെഎസ്ആർടിസിയുടെ ചെലവിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതും ഉദ്ഘാടനംചെയ്തതും കോൺഗ്രസ് പ്രാദേശിക നേതാക്കളാണ്.










0 comments