മാപ്പ് ചോദിച്ച് 28,000 രൂപ അടച്ചു, ഇനിയെങ്കിലും അവസാനിപ്പിക്കൂ; ട്രോളുകൾ വേദനിപ്പിക്കുന്നുവെന്ന് യുവതി

സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് (ഇടത്) യുവതി ഗ്ലാസ് തകര്‍ക്കുന്ന ദൃശ്യം (വലത്)
തിരുവനന്തപുരം: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് നിർത്തി തന്നില്ലെന്ന് ആരോപിച്ച് ബസിന്റെ ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി രംഗത്ത്. അടിയന്തരമായി ബാത്ത്റൂമിൽ പോകേണ്ട സാഹചര്യം വന്നതിനാലാണ് ബസ് നിർത്തി തരാൻ ആവശ്യപ്പെട്ടതെന്നും അത് നിരസിച്ചപ്പോൾ ഉണ്ടായ കടുത്ത പരിഭ്രാന്തിയിലും സമ്മർദത്തിലുമാണ് അത്തരത്തിൽ ചെയ്തതെന്ന് യുവതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
നിർഭാഗ്യവശാൽ കാര്യങ്ങൾ കൈവിട്ടുപോയി. ഞാൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കുകയല്ല, അന്നുതന്നെ സംഭവിച്ചതിന് മാപ്പ് ചോദിച്ചു. ഔദ്യോഗികമായി അന്നു തന്നെ വിഷയം പരിഹരിച്ചിരുന്നെന്നും ഗ്ലാസ് തകർത്തതിന് 28000 രൂപ അടച്ച് പ്രശ്നം പരിഹരിച്ചു. ട്രോളുകളും അധിക്ഷേപങ്ങളും മാനസികമായി ബാധിക്കുന്നു. ഇവിടെക്കൊണ്ട് ഇത് അവസാനിപ്പിക്കണം. ഇതിനെക്കുറിച്ച് ചോദിച്ചുകൊണ്ട് എന്നെ ഇനി ബന്ധപ്പെടുകയോ മറ്റൊന്നും ചോദിക്കുകയോ ചെയ്യരുതെന്നും അഭ്യർത്ഥിക്കുന്നു' യുവതി കുറിച്ചു.
സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത് നിരസിച്ചതിന്റെ പേരിലാണ് കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് യുവതി അടിച്ചു പൊട്ടിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തെ സ്റ്റോപ്പിൽ ബസ് നിർത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ ഇവിടെ സ്റ്റോപ്പില്ലാത്തതിനാൽ ബസ് നിർത്താൻ കഴിയില്ലെന്ന് ഡ്രൈവറും കണ്ടക്ടറും അറിയിച്ചു. ഇതോടെ യുവതി ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടയിൽ യുവതി രംഗം ചിത്രീകരിക്കാനും ശ്രമം നടത്തി. തർക്കത്തിനൊടുവിൽ ഗ്ലാസ് ബ്രേക്കിങ് ഹാമർ ഉപയോഗിച്ച് മുൻവശത്തെ ഡോറിന്റെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു. മൂന്ന് ദിവസം മുൻപായിരുന്നു സംഭവം നടന്നത്. ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.










0 comments