print edition സൗജന്യ യാത്രാപദ്ധതി: തീരാക്കടത്തിൽ കെഎസ്ആർടിസി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ പൂർണമായും തകർക്കുന്ന സാമ്പത്തിക പരീക്ഷണങ്ങളുമായി സംസ്ഥാന സർക്കാർ. സൗജന്യ യാത്രാപദ്ധതിക്കായി കെഎസ്ആർടിസിക്ക് സർക്കാർ നൽകേണ്ട മാസത്തുകയായ 79.53 കോടിരൂപ ഇതുവരെ അനുവദിച്ചിട്ടില്ല. സർക്കാർ സഹായം മുടങ്ങിതോടെ ഡീസലടിക്കാൻപോലും പണമില്ലാത്തതിനാൽ സർവീസുകൾ വെട്ടിക്കുറയ്ക്കുകയാണ്.
സൗജന്യയാത്രയുടെ നഷ്ടപരിഹാരത്തുക നേരിട്ട് നൽകാതെ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‌സി) വഴി വായ്പയാക്കി നൽകുകയാണ് സർക്കാർ. ബജറ്റിൽ പ്രഖ്യാപിച്ച 600 കോടി രൂപയുടെ സഹായമാണ് വായ്പയാക്കി മാറ്റിയത്. തുക സർക്കാർ തിരിച്ചടയ്ക്കുമെന്ന് പറയുന്നുണ്ടെങ്കിലും പലിശ കെഎസ്ആർടിസി സ്വന്തം വരുമാനത്തിൽനിന്ന് ഒടുക്കേണ്ട അവസ്ഥയാണ്. 50 കോടി രൂപയ്ക്ക് രണ്ടരക്കോടിരൂപ നിരക്കിൽ പലിശയിനത്തിൽമാത്രം കോടികളാണ് സ്ഥാപനത്തിന് നഷ്ടം.
പെൻഷൻ വിതരണവും സഹകരണ കൺസോർഷ്യത്തിൽനിന്ന് മാറ്റി കെഎഫ്‌സിക്ക് കൈമാറാൻ നീക്കം സജീവമാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരും സഹകരണ സംഘങ്ങളുടെ കൺസോർഷ്യവും തമ്മിൽ ഒപ്പുവെച്ച ധാരണപത്രത്തിന്റെ കാലാവധി നവംബറിൽ അവസാനിക്കും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൺസോർഷ്യംവഴി പെൻഷൻ നൽകാനുള്ള 73 കോടിരൂപയും ജീവനക്കാരുടെ ശമ്പളത്തിനായി 50 കോടി രൂപയും സർക്കാർ എല്ലാ മാസവും ട്രഷറി വഴി ഗ്രാന്റായി നൽകിയിരുന്നു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കി. ശമ്പള വിതരണത്തിനുള്ള പണംപോലും നൽകുന്നില്ല. മാനേജ്‌മെന്റിനെ കടമെടുപ്പിലേക്ക് തള്ളിവിടുകയാണ്. കഴിഞ്ഞമാസം പെൻഷൻ വിതരണത്തിന് സർക്കാർ നേരിട്ട് പണം നൽകിയില്ല.
കെഎഫ്‌സി വഴി സഹകരണ കൺസോർഷ്യത്തിന് ശ്രമിച്ചതോടെ, സാങ്കേതിക തടസ്സങ്ങൾ കാരണം പെൻഷൻ വിതരണം നീണ്ടുപോയി. ഈ ബാധ്യതകൂടി വന്നാൽ വായ്പാ ഇനത്തിൽ 80 കോടിയിലധികം പലിശയിനത്തിൽ നൽകേണ്ടിവരും. പുതിയ കടബാധ്യത വന്നാല്‍ കെഎസ്ആർടിസിയുടെ പ്രവർത്തനം നിലയ്‌ക്കും.
ശരാശരി 12 ലക്ഷം യാത്രക്കാരാണ് ദിവസവും സൗജന്യയാത്ര നടത്തുന്നത്. മാസം 80 മുതൽ 100 കോടി രൂപവരെ വരുമാനനഷ്ടമുണ്ട്. 2692 കോടി രൂപയുടെ കടബാധ്യതയാണുള്ളത്. ദിവസം 1.10 കോടി രൂപയാണ് വായ്പാ തിരിച്ചടവ്‌ത്. ഇതിന് വിരമിച്ചവർക്കും ജീവനക്കാർക്കും ആനുകൂല്യങ്ങൾ നൽകാനുണ്ട്. പെൻഷൻ, ശമ്പളം എന്നിവയ്ക്കായി എൽഡിഎഫ് സർക്കാർ 10 വർഷത്തിനിടെ 14,102 കോടി രൂപ നൽകിയിരുന്നു.
സർവീസുകൾ വെട്ടിക്കുറച്ചു
സംസ്ഥാനത്ത് നിലവിൽ 2663 സർവീസ് നടത്തുന്നത് കെഎസ്‌ആർടിസി ബസുകൾമാത്രം. സ്പെയർ പാർട്സുകൾ വാങ്ങാനോ അറ്റകുറ്റപ്പണികൾക്കോ പണമില്ലാത്തതിനാൽ ഏകദേശം 600-ലേറെ ബസുകളാണ് കട്ടപ്പുറത്തായത്. കെഎസ്ആർടിസിയിൽ സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ച സമയത്ത് 3241 ഓർഡിനറി ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ പറഞ്ഞിരുന്നു.
ഓണക്കാലത്ത് സൗജന്യ യാത്രക്കാരുടെ എണ്ണം ദിവസം 14 ലക്ഷം വരെയെത്തി. എന്നിട്ടും ബസുകളുടെ എണ്ണം കൂട്ടിയില്ല. പരമാവധി 75 പേർ കയറേണ്ട ഓർഡിനറി ബസുകളിൽ 110 പേരെ വരെ കുത്തിനിറച്ച് അപകടകരമായാണ് മരണപ്പാച്ചിൽ നടത്തുന്നത്. ഓണക്കാലത്ത് ദിവസം 10.86 കോടി രൂപയുടെ സർവകാല റെക്കോർഡ് കളക്ഷൻ നേടിയെന്ന് സർക്കാർ കൊട്ടിഘോഷിച്ചിരുന്നു. എന്നാൽ, അതിൽ നാല് കോടിയോളം രൂപ പ്രിയദർശിനി പദ്ധതിയിലെ 'സീറോ ടിക്കറ്റ്' തുക കൂടി ചേർത്താണെന്ന യാഥാർത്ഥ്യം മൂടിവെച്ചു. യഥാർത്ഥത്തിൽ ടിക്കറ്റ് വരുമാനമായി ലഭിച്ചത് 6 കോടി രൂപ മാത്രം.








0 comments