print edition ഓയിലിന് ക്ഷാമം ബസുകൾ കട്ടപ്പുറത്ത്


നിഖിൽ രവീന്ദ്രൻ
Published on Oct 16, 2026, 12:00 AM | 1 min read
പാലക്കാട്: സാമ്പത്തിക പ്രതിസന്ധിമൂലം കെഎസ്‌ആർടിസിയിൽ എൻജിൻ ഓയിലിന് കടുത്തക്ഷാമം. ഓയിൽ ഒഴിക്കാതെ ഓടിച്ച് ബസുകളുടെ എൻജിൻ തകരാറിലാകുന്നു. ദിവസേനയുള്ള അറ്റകുറ്റപ്പണിയും ഇതുമൂലം വർധിച്ചു.
എൻജിൻ ഓയിൽ, ഗിയർ ഓയിൽ, ഡിഫറൻഷ്യൽ ഓയിൽ, ആഡ്ബ്ലൂ എന്നിവ വാങ്ങാൻ പണമില്ല. കെഎസ്‌ആർടിസിയിൽ ബിഎസ് 2 മുതൽ ബിഎസ് 6 വരെ വിഭാഗത്തിലുള്ള ബസുകളുണ്ട്. ഓരോന്നിനും ഉപയോഗിക്കുന്ന ഓയിലുകൾ വ്യത്യസ്‌തമാണ്. ക്ഷാമംകാരണം ബിഎസ് 2വിന്റെ ഓയിൽതന്നെയാണ് ബിഎസ് 6 ബസുകൾക്കും ഉപയോഗിക്കുന്നത്. പുതിയ വാഹനങ്ങളിൽ ആധുനിക ഓയിലുകൾക്കുപകരം പഴയ വണ്ടികളുടെ ഓയിൽ ഉപയോഗിച്ചാൽ എൻജിൻ തകരാറാകും. ബിഎസ് 6 ബസുകളിൽ സൾഫർ, ഫോസ്-ഫറസ് തുടങ്ങിയവ വളരെ കുറഞ്ഞ അളവിലുള്ള ഓയിലുകൾ മാത്രമേ ഉപയോഗിക്കാവൂ. ഓയിൽ മാറി ഉപയോഗിച്ചാൽ ഫിൽട്ടറുകളുടെയും എൻജിന്റെയും പ്രവർത്തനത്തെ ബാധിക്കും. ആവശ്യത്തിന് സ്‌പെയർ പാർട്‌സുകൾ മിക്ക ഡിപ്പോകളിലുമില്ല. പുറമെനിന്നുള്ള വാങ്ങൽ നിലച്ചതോടെ ബസുകൾ കട്ടപ്പുറത്താകുന്ന സ്ഥിതി യാണ്.
പരിധിയിലധികം യാത്രക്കാർ കയറുന്നതിനാൽ പ്രിയദർശിനി ഓർഡിനറി ബസുകളുടെ സ്‌പ്രിങ് ബ്രാക്കറ്റ്, സ്‌പ്രിങ് സെറ്റ്, സ്ലാക്ക് അഡ്‌ജസ്റ്റർ എന്നിവ കൂടെക്കൂടെ തകരാറാകുന്നു. ആവശ്യാനുസരണം മാറ്റിയിടാൻ ഡിപ്പോകളിൽ സ്‌പെയർ പാർട്‌സുമില്ല. അപകടത്തിൽപ്പെട്ട് കട്ടപ്പുറത്തായ ബസുകളുടെ ടയർ ഉപയോഗിച്ചാണ് ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നത്. ഡിപ്പോകൾക്ക് നൽകിയ ഫണ്ട് നിലച്ചതാണ് പുറമെനിന്നുള്ള വാങ്ങൽ പ്രതിസന്ധിയിലാക്കിയത്.









0 comments