ക്ലീൻ കേരള കമ്പനിയുമായി ചേർന്ന് 100 ടണ്ണിലേറെ അജൈവ മാലിന്യമാണ് ഡിപ്പോകളിൽനിന്ന് നീക്കിയത്
ശുചിത്വത്തിലും മുന്നേറി കെഎസ്‌ആർടിസി ; 92 ഡിപ്പോകൾക്ക് ഹരിതപദവി

സുനീഷ് ജോ
Published on Aug 09, 2025, 02:00 AM | 1 min read
തിരുവനന്തപുരം
മാലിന്യവുമില്ല. മാലിന്യം തള്ളാനുമാകില്ല. ആറുമാസത്തിനിടെ കെഎസ്‌ആർടിസി മാറിയതുപോലെ ഒരുപൊതുമേഖല സ്ഥാപനവും മാറിയിട്ടില്ല. 93ൽ 92 ഡിപ്പോകളും ഹരിതകേരള മിഷന്റെ സർട്ടിഫിക്കറ്റ് നേടി. വിവിധ പദ്ധതികളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ജീവനക്കാർ ഒന്നടക്കം ഒപ്പംനിന്നു. ക്ലീൻ കേരള കമ്പനിയുമായി ചേർന്ന് 100 ടണ്ണിലേറെ അജൈവ മാലിന്യമാണ് ഡിപ്പോകളിൽനിന്ന് നീക്കിയത്. ടോയ്‌ലറ്റുകളുടെ നടത്തിപ്പ് സുലഭ് ഇന്റർനാഷനലിന് കൈമാറി.
ഹൗസ്‌കീപ്പിങ് വിഭാഗം പുതുതായി ആരംഭിച്ചു. ഓരോ യൂണിറ്റും ശുചീകരിച്ചു. പ്രതിദിനം 11 ലക്ഷം യാത്രക്കാർ കെഎസ്‌ആർടിസി സ്‌റ്റാൻഡുകളിൽ എത്തുന്നുണ്ട്. ഇത് മുൻവർഷത്തെക്കാൾ കൂടുതലാണ്. ട്രാവൽ കാർഡ് ഏർപ്പെടുത്തിയതും ടിക്കറ്റ് എടുക്കാൻ യുപിഐ സേവനം ഏർപ്പെടുത്തിയതും യാത്രക്കാരുടെ കൈയടി നേടിയെന്ന് സിഎംഡി പ്രമോജ്‌ശങ്കർ പറഞ്ഞു. ബസ് സ്‌റ്റാൻഡുകളിൽ സൗന്ദര്യവൽക്കരണം പുരോഗമിക്കുകയാണ്. യാത്ര കഴിഞ്ഞശേഷം ടിക്കറ്റുകൾ നിക്ഷേപിക്കാൻ ബത്തേരി സ്‌റ്റാൻഡിൽ പെട്ടിയും സ്ഥാപിച്ചു.
● ഒരുബസിൽ മുന്നിലും പിറകിലുമായി രണ്ട് വീതം ബിന്നുകൾ വച്ചു. യാത്രക്കാർക്ക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ ഇതിൽ ഇടാം.
●ഡിപ്പോകളിലും വേസ്‌റ്റ് ബിന്നുകൾ സ്ഥാപിച്ചു. ജൈവ, അജൈവമാലിന്യം വേർതിരിച്ച് ഇതിൽ നിക്ഷേപിക്കാം
● ബസ് സ്‌റ്റേഷൻ, ഗാരേജ്, ഡിപ്പോ പരിസരം എന്നിവിടങ്ങളിൽ ദൈനംദിന ശുചീകരണം നടത്തുന്നു. പ്ലാസ്‌റ്റിക് മാലിന്യങ്ങൾ ഹരിതകർമസേനയ്‌ക്ക് കൈമാറുന്നു
● 43 ഡിപ്പോയിൽ 10 വീതം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. 450 ക്യാമറകൾ വാങ്ങി ബാക്കിയുള്ള ഡിപ്പോയിലും സ്ഥാപിക്കും. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ദൃശ്യം തദ്ദേശവകുപ്പിന് കൈമാറും. ●ബസുകൾ കഴുകുമ്പോൾ ഉണ്ടാകുന്ന ഓയിൽ കലർന്ന മലിനജലം സംസ്കരിക്കുന്നതിനായി ബസ് വാഷിങ് റാംപ് ആരംഭിച്ചു
● കടലാസ് രഹിത ഓഫീസാക്കി മാറ്റുന്നതിനായി ഇ ഓഫീസ് സംവിധാനം ആരംഭിച്ചു. നിലവിൽ 26 ഓഫീസുകൾ അതിലേക്ക് മാറി
●തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽ പ്ലാസ്‌റ്റിക് കുപ്പികളുടെ കുറയ്‌ക്കുന്നതിന് വാട്ടർ എടിഎം ആരംഭിച്ചു. ഒരുലിറ്റർ വെള്ളം രണ്ടുരൂപയ്‌ക്ക് ലഭിക്കും









0 comments