205 ൽ നിന്ന് 500 ലേയ്ക്ക് കുതിപ്പ്; കല്യാണ മേളത്തിൽ തലകുലുക്കി ആനവണ്ടികൾ, പുത്തൻ ട്രെൻഡ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വിവാഹ ഓട്ടത്തിന് ടൂറിസ്റ്റ് ബസുകളെ പഴയ ട്രെൻഡാക്കി കേരളത്തിന്റെ സ്വന്തം ആനവണ്ടി. ഇപ്പോൾ കല്യാണ ഓട്ടങ്ങൾക്ക് തിളങ്ങുന്നത് കെഎസ്ആർടിസി ബസുകളാണ്. ബസ് വാടകയ്ക്ക് എടുക്കുന്നത് പുത്തൻ ട്രെൻഡായി മാറിയിരിക്കുകയാണ്. സാമ്പത്തികമായി വലിപ്പച്ചെറുപ്പമില്ലാതെ കെഎസ്ആർടിസി ബസുകളെ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടുകയാണെന്ന് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അധികൃതർ പറയുന്നു.
കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി ബുക്കിങ് ആണ് ഈ വർഷത്തിൽ ലഭിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ 205 ബസുകൾ കല്യാണ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തപ്പോൾ ഇത്തവണ ഏപ്രിലിൽ അത് 500ലധികമായി വർധിച്ചു. കഴിഞ്ഞ ഞായറാഴ്ച മാത്രം പത്തനംതിട്ട ജില്ലയിൽ 17 ബസുകളാണ് ബുക്ക് ചെയ്തത്. ആലപ്പുഴയിൽ അഞ്ച് ബസും സ്പെഷ്യൽ ഓട്ടത്തിനുപോയിട്ടുണ്ട്. ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിലാണ് കല്യാണ ഓട്ടത്തിന് കെഎസ്ആർടിസി അധികവും ബുക്കിങ് വന്നിരിക്കുന്നത്.
ബസുകളിൽ ഓഡിനറിയോടാണ് പൊതുജനങ്ങൾക്ക് താത്പര്യം. ഇത്തരം ബസുകളാണ് കൂടുതലായും കല്യാണങ്ങളില‍്‍ സർവീസ് നടത്തുന്നതും. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ലോ ഫ്ളോർ ബസുകളും വാടകയ്ക്ക് നൽകുന്നുണ്ട്. അതത് ഡിപ്പോകളിലെ വാഹനങ്ങളുടെ അവസ്ഥയനുസരിച്ചിരിക്കും ലഭ്യത. ഓഡിനറി ബസിന് 3600 രൂപമുതൽ വാടക തുടങ്ങും. സ്വകാര്യ വാഹനങ്ങൾക്ക് ഇരട്ടിത്തുക നൽകേണ്ട ഇടത്താണ് കെഎസ്ആർടിസി ഈ തുക വാങ്ങുന്നത്. വരുമാന വർധനവ് ലക്ഷ്യമിട്ട് തുടങ്ങിയ പാക്കേജ് ട്രിപ്പുകൾ ആരംഭിച്ചതോടെയാണ് കല്യാണ ഓട്ടങ്ങൾക്ക് ഡിമാൻഡ് ഏറിയത്.










0 comments