അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ കെഎസ്ആർടിസിയിൽ നവവധുവുമൊത്ത് വിവാഹയാത്ര
ഡബിള്‍ബെല്‍, ആഗ്രഹത്തിനും മകന്റെ ജീവിതത്തിനും

എ ബി അൻസാർ
Published on Sep 15, 2025, 02:01 AM | 1 min read
പത്തനാപുരം
വധൂവരൻമാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം വിവാഹയാത്ര നടത്തിയത് നമ്മുടെ സ്വന്തം ആനവണ്ടിയിൽ. കെഎസ്ആര്‍ടിസി ഡ്രൈവറായ അച്ഛന്റെ ആഗ്രഹം നിറവേറ്റാനാണ് മകന്‍ കല്യാണ യാത്ര കെഎസ്ആർടിസി ബസിൽ ആക്കിയത്. പട്ടാഴി വടക്കേക്കര മാലൂർ ശാസ്താനിരപ്പത്ത് വീട്ടിൽ ബാബു കെ ഭാസിയുടെയും ശ്രീകലയുടെയും മകൻ ബിജിത്ത് ബാബുവും കരിമ്പാലൂർ സ്വദേശി പ്രദീപ് കുമാറിന്റെയും ശ്രീകലയുടെയും മകൾ ശ്രീലക്ഷ്മിയും തമ്മിലുള്ള വിവാഹവും യാത്രയുമാണ് വ്യത്യസ്തമായത്.
പത്തനാപുരം ഡിപ്പോയിലെ ഡ്രൈവറാണ് ബാബു കെ ഭാസി. മകന്റെ വിവാഹത്തിന് ആളുകളെത്തുന്നതും വിവാഹശേഷം വീട്ടിലേക്ക് പോകുന്നതും കെഎസ്ആർടിസി ബസിലായിരിക്കണമെന്നത് ബാബുവിന്റെ വലിയ ആഗ്രഹമായിരുന്നു. ആഗ്രഹം സഫലീകരണത്തിന് ഒന്നും രണ്ടുമല്ല അഞ്ച് ബസാണ് പത്തനാപുരം ഡിപ്പോയിൽനിന്ന് വിളിച്ചത്. അച്ഛന്റെ ആഗ്രഹത്തിനു എല്ലാവിധ പിന്തുണയുമായി ബിജിത് ബാബു ഒപ്പം നിന്നു. ഭര്‍ത്താവിനും കുടുബത്തിനുമൊപ്പമെന്ന് ശ്രീലക്ഷ്മിയും പ്രഖ്യാപിച്ചു. ബന്ധുക്കളും ഇവർക്കൊപ്പം കൂടിയപ്പോൾ ആഘോഷം കളറായി. പട്ടാഴി ക്ഷേത്രത്തിലായിരുന്നു വിവാഹം. ചടങ്ങുകള്‍ക്കെത്തിയതും തിരിച്ച് വീട്ടിലേക്ക് മടങ്ങിയതുമെല്ലാം കെഎസ്ആര്‍ടിസിയില്‍ തന്നെ.










0 comments