ad
Deshabhimani

print edition അപ്പൊ എങ്ങനാ, നമ്മൾ തുടങ്ങുവല്ലേ...?

ksrtc budget tour
avatar
ജിബിന സാഗരന്‍

Published on Mar 18, 2026, 12:00 AM | 2 min read

തൃശൂർ : ""ഹലോ രാജേഷ്... ഹലോ രമേശ്... അപ്പൊ എങ്ങനെയാ നമ്മൾ തുടങ്ങുവല്ലേ...?'' ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിലമ്പൂരിലെ മിനി ഊട്ടിയിലേക്ക് പോകാൻ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ അന്തിക്കാട് സ്വദേശിനികളായ ലതികയും റെമിയും ആവേശത്തോടെ ചോദിച്ചു. നിമിഷങ്ങൾക്കുള്ളിൽ ഡ്രൈവർ രമേശിനും കണ്ടക്ടർ കം കോ–ഓർഡിനേറ്റർ രാജേഷിനും മറ്റ് യാത്രക്കാർക്കുമൊപ്പം അവർ ബസ് അലങ്കരിക്കാൻ തുടങ്ങി. തൃശൂർ കെഎസ്ആർടിസി ഡിപ്പോയിൽനിന്നുള്ള ബജറ്റ് ടൂറിസം യാത്രകളിലെ സ്ഥിരം യാത്രക്കാരാണ് ഇരുവരും. ആകെയുള്ള അമ്പത് യാത്രക്കാരിൽ നാൽപ്പതുപേരും സ്ഥിരമായെത്തുന്നവർ. പുതിയ യാത്രക്കാരാകട്ടെ ഇവരുടെ പരിചയക്കാരോ ബന്ധുക്കളോ ആണ്.


എണ്ണായിരത്തിലധികം സ്ഥിരം യാത്രക്കാർ തൃശൂർ ഡിപ്പോയ്ക്ക് മാത്രമായുണ്ട്. യാത്രകളെ ഇഷ്ടപ്പെടുന്നവരും ആനവണ്ടി പ്രേമികളും വിരമിച്ച ഉദ്യോഗസ്ഥരും സാധാരണക്കാരുമെല്ലാം ഇക്കൂട്ടത്തിൽപ്പെടും. ഇവർക്കായി ഒമ്പതോളം വാട്ട്സാപ്പ് ഗ്രൂപ്പുകളും സജീവമാണ്. കുറഞ്ഞ ചെലവിൽ മികച്ച യാത്രാനുഭവം സമ്മാനിക്കാൻ കഴിയുന്നുവെന്നതാണ് ബജറ്റ് ടൂറിസത്തിന്റെ സ്വീകാര്യതയ്ക്ക് പിന്നിൽ. തൃശൂരിൽനിന്ന് പൂത്തൂർ സുവോളജിക്കൽ പാർക്കിലേക്കും ഡബിൾഡക്കർ ബസ് അനുവദിച്ചിട്ടുണ്ട്.


മൂന്നുവർഷം കൊണ്ട് ആയിരത്തിലധികം ട്രിപ്പുകൾ തൃശൂർ ബജറ്റ് ടൂറിസത്തിൽ നടപ്പാക്കി കഴിഞ്ഞു. യാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. റസിഡന്റ് അസോസിയേഷൻ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ആവശ്യപ്പെടുന്നതിനനുസരിച്ച് ശനി, ഞായർ ദിവസങ്ങൾ കൂടാതെ മറ്റു ദിവസങ്ങളിലും യാത്രസംഘടിപ്പിക്കാറുണ്ട്- വി ജി രമേശ് (ബജറ്റ് ടൂറിസം ഡ്രൈവർ, തൃശൂർ)


ജനങ്ങളുടെ മികച്ച സഹകരണമാണ് ബജറ്റ് ടൂറിസത്തിനുള്ളത്. അതുകൊണ്ട് തന്നെയാണിത് വിജയകരമായി മുന്നോട്ടുപോകുന്നതും. യാത്രയ്ക്ക് സന്നദ്ധരായ നിരവധിപേർ വിളിക്കുന്നുണ്ട്. എല്ലാവർക്കും സീറ്റ് കൊടുക്കാനാകാറില്ല. ഓരോ ഇടങ്ങളിലേക്ക്‌ മൂന്നും നാലും തവണ പോകുന്നവരുണ്ട്. യാത്രക്കാർ തമ്മിലും നല്ല സൗഹൃദമാണ്- എം രാജേഷ് (കോ–ഓർഡിനേറ്റർ കം കണ്ടക്ടർ, തൃശൂർ)


ചുറ്റിയടിച്ച്‌ 
കോടികൾ വാരി


പൊതുജനങ്ങൾക്ക്‌ കുറഞ്ഞചെലവിൽ വിനോദസഞ്ചാരത്തിന്‌ ലക്ഷ്യമിട്ട്‌ 2021 നവംബർ ഒന്നിന്‌ കെഎസ്‌ആർടിസി ആരംഭിച്ചതാണ്‌ ബജറ്റ്‌ ടൂറിസം സെൽ. 93 ഡിപ്പോകളിൽനിന്നു യാത്രകൾ നടത്തുന്നു. മാസത്തിൽ ശരാശരി 1500 ട്രിപ്പുകൾ. കേരളം, തമിഴ്‌നാട്‌, ഗോവ എന്നിവിടങ്ങളിലേക്കും ഉല്ലാസയാത്രകളുണ്ട്‌. മാസവരുമാനം അഞ്ചുകോടിക്ക്‌ മുകളിലാണ്‌. ജനുവരിയിൽ 6.5 കോടി എത്തിയിരുന്നു. ആകെവരുമാനം 110 കോടി രൂപ കടന്നു. ഇതിൽ 50 കോടി ലാഭമുണ്ടാക്കിയെന്നാണ്‌ കണക്ക്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home