സർക്കാർ ആശുപത്രികളെ തകർക്കാനുള്ള പ്രതിപക്ഷ നീക്കം ചെറുത്ത് തോൽപ്പിക്കുക: കെഎസ്കെടിയു

തിരുവനന്തപുരം: സർക്കാർ ആശുപത്രികളെയും പൊതുജനാരോഗ്യ സംവിധാനമാകെയും തകർക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ നടത്തുന്ന പ്രകോപനപരമായ പ്രതിഷേധങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്കെടിയു). ചില പത്ര - ദൃശ്യ മാധ്യമങ്ങളുടെ സഹായത്തോടെ ഗവൺമെന്റ് ആശുപത്രികളെ ഇല്ലാതാക്കിയാൽ സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളുടെ പ്രവാഹമുണ്ടാകുമെന്നാണ് പ്രതിപക്ഷവും സ്വകാര്യ ലോബിയും കണക്കുകൂട്ടുന്നതെന്നും കെഎസ്കെടിയു പ്രസ്താവനയിൽ പറയുന്നു.
കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പ്രസ്താവനയുടെ പൂർണരൂപം:
ആരോഗ്യ രംഗത്ത് നിന്ന് ലാഭം കൊയ്യാൻ കച്ചകെട്ടിയിറങ്ങിയ കോർപ്പറേറ്റ്- സ്വകാര്യ മുതലാളിമാരിൽ നിന്നും അച്ചാരം വാങ്ങിയാണ് ഈ ഹൃദയരാഹിത്യത്തിന് പ്രതിപക്ഷം തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ജലദോഷ പനി മുതൽ ഹൃദയം മാറ്റിവെക്കുന്നതിന് വരെ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം വരുന്ന മനുഷ്യർ.
വൻകിട സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ലക്ഷങ്ങൾ മുടക്കിയാൽ മാത്രമേ വൃക്ക, കരൾ, ഹൃദയം ഉൾപ്പെടെയുള്ള അവയവമാറ്റശാസ്ത്രക്രിയകൾ നടത്താൻ സാധിക്കൂ. വിദഗ്ധചികിത്സകൾ നടത്തണമെങ്കിലും പണം വാരിക്കോരി കൊടുക്കേണ്ട അവസ്ഥയാണ്. എന്നാൽ, സർക്കാർ ആശുപത്രികളിൽ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഈ ചികിത്സകൾ എല്ലാം സൗജന്യമാണ്.
നിരവധി തൊഴിലാളികൾ സർക്കാർ ആശുപത്രികളിൽ നിന്ന് ഡയാലിസിസ് ചെയ്യുന്നുണ്ട്. 200 രൂപയാണ് അവിടെ ഈടാക്കുന്നത്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ 1000 മുതൽ 3000 വരെയാണ് ഡയാലിസിസ് ചാർജ്. യു ഡി എഫ് കാലത്ത് 8 ആശുപത്രികളിലായിരുന്നു ഡയാലിസിസ് സൗകര്യം. എൽ ഡി എഫ് സർക്കാർ അത് 107 ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. 2025 ഡിസംബറോടെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യമൊരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇപ്പോൾ വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, രാജ്യത്തെ മികച്ച ചികിത്സാലയമാണ്. ഏറ്റവും കൂടുതൽ പ്രൈമറി ആൻജിയോ പ്ലാസ്റ്റി നടത്തിയ സർക്കാർ ആശുപത്രിയാണിത്. ആദ്യത്തെ പീഡിയാട്രിക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും ഇവിടെ വെച്ചാണ് നടത്തിയത്. തിരുവനന്തപുരം എറണാകുളം ജനറൽ ആശുപത്രികളും ഇത്തരത്തിൽ ഖ്യാതികേട്ട ആതുരാലയങ്ങളാണ്. ഇവയൊക്കെ ഇല്ലാതാക്കിയാൽ ബുദ്ധിമുട്ടുന്നത് പ്രധാനമായും പാവപ്പെട്ട ജനവിഭാഗങ്ങളാവും. ജീവിതം കൂട്ടിമുട്ടിക്കാൻ അഹോരാത്രം അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസമേകുന്ന പൊതുജനാരോഗ്യ സംവിധാനത്തെ തകർത്താൽ പാവങ്ങളെ പിഴിഞ്ഞ് ലാഭം കുന്ന്കൂട്ടാൻ സാധിക്കുമെന്നാണ് വിദേശ കമ്പനികൾ അടക്കമുള്ള സ്വകാര്യ ആശുപത്രി ലോബി കണക്കുകൂട്ടുന്നത്. അവരെറിഞ്ഞു കൊടുക്കുന്ന നക്കാപ്പിച്ച നക്കി നുണഞ്ഞ് പാവങ്ങളുടെ അത്താണി ഇല്ലാതാക്കാൻ ശ്രമിച്ചാൽ സമരാഭാസം നടത്തുന്ന യൂത്തന്മാർ അടക്കമുള്ള പ്രതിപക്ഷനിരയെ കേരളം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കും.
പണ്ട് ജന്മിത്വഭൂപ്രഭുത്വം ബ്രിട്ടീഷുകാർക്കും നാടുവാഴികൾക്കും വേണ്ടി കേരളത്തെ ഒറ്റുകൊടുക്കാനും പാവപ്പെട്ടവരുടെ ജീവിതത്തെ ചിന്നഭിന്നമാക്കാനും ശ്രമിച്ചപ്പോൾ ജീവൻ നൽകി ചെറുത്തുനിന്ന പാരമ്പര്യമാണ് കെ എസ് കെ ടി യുവിനുള്ളത്. പ്രതിപക്ഷ പാർട്ടികൾ സങ്കുചിത രാഷ്ട്രീയ ലാഭവും സാമ്പത്തിക നേട്ടവും ലക്ഷ്യമിട്ട്, മുതലാളിത്ത ശക്തികൾക്ക് വേണ്ടി കേരള ജനതയെ വെല്ലുവിളിക്കാൻ ഇറങ്ങിയാൽ കർഷക തൊഴിലാളി യൂണിയൻ കൈയ്യുംകെട്ടി നോക്കി നിൽക്കില്ല എന്ന് യൂണിയൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
0 comments