print edition മസ്റ്ററിങ് പ്രക്രിയയിലെ തടസ്സം സംശയാസ്‌പദം: കെഎസ്‌കെടിയു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കർഷകത്തൊഴിലാളികൾക്കടക്കം ആശ്വാസമായ ക്ഷേമപെൻഷന്റെ മസ്റ്ററിങ്ങിലുണ്ടായ തടസ്സം സംശയാസ്പദവും അട്ടിമറിയുടെ ഭാഗവുമാണെന്ന് കെഎസ്‌കെടിയു. മസ്റ്ററിങ് തുടങ്ങിയ ആദ്യദിവസത്തിൽ ജീവൻരേഖാ പോർട്ടൽ നിശ്ചലമായി.
സംസ്ഥാനത്തുടനീളമുള്ള ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ ഒരേസമയം പോർട്ടലിൽ പ്രവേശിച്ചതാണ് തടസ്സത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, കഴിഞ്ഞകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഗുണഭോക്താക്കൾ മസ്റ്ററിങ്ങിന് തിക്കുംതിരക്കും കൂട്ടിയിട്ടില്ല.
ഗുണഭോക്താക്കളുടെ എണ്ണം വർധിച്ചിട്ടുമില്ല. സാങ്കേതിക തകരാറുണ്ടാക്കി ക്ഷേമപെൻഷൻ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു. യുഡിഎഫ് ബജറ്റിലും ധവളപത്രത്തിലും കേന്ദ്രസർക്കാരിന്റെ പുതിയ ലേബർകോഡിലും ക്ഷേമബോർഡുകൾ ഇല്ലാതാക്കുമെന്ന സൂചനയുണ്ട്.
അതിന്റെ ഭാഗമാണ് മസ്റ്ററിങ് തടസ്സപ്പെടുത്താനുള്ള പരിശ്രമം. കോൺഗ്രസും ബിജെപിയും സാമൂഹ്യക്ഷേമ പെൻഷനുകളെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. കുടിശ്ശിക വരുത്തിയും പെൻഷൻ തുക വർധിപ്പിക്കാതെയും ക്ഷേമപെൻഷനുകൾ അട്ടിമറിച്ച പാരമ്പര്യമാണ് അവർക്കുള്ളത്.
അധികാരത്തിൽ എത്തിയാലുടൻ ക്ഷേമപെൻഷനുകൾ 3000 രൂപയാക്കി വർധിപ്പിക്കുമെന്ന വാഗ്ദാനം നൽകിയവർ ഒരക്ഷരം മിണ്ടുന്നില്ല. നിലവിലുള്ള ക്ഷേമപെൻഷൻ ഇല്ലാതാക്കാനും ഗുണഭോക്താക്കളെ വെട്ടിക്കുറയ്‌ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് മസ്റ്ററിങ് പ്രക്രിയ അട്ടിമറിക്കുന്ന സർക്കാർ നടപടി.
സാമൂഹ്യക്ഷേമ പെൻഷനെതിരെ നടപടികളുമായി നീങ്ങിയാൽ പ്രക്ഷോഭവുമായി രംഗത്തെത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.










0 comments