രാത്രി ആറ് മുതൽ പതിനൊന്ന് വരെ വൈദ്യുതി ഉപയോഗം കുറക്കണം; കെഎസ്ഇബി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമായതോടെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരുന്നു. കഴിഞ്ഞ ഏപ്രിൽ 18 ന് പ്രതിദിന വൈദ്യുതി ഉപയോഗം 117.16 ദശലക്ഷം യൂണിറ്റിലെത്തി.വൈകുന്നേരം 6 മണി മുതൽ 10 മണി വരെയുള്ള പീക്ക് സമയത്തെ ആവശ്യകത ആദ്യമായി 6033 മെഗാവാട്ടിലേക്ക് ഉയർന്നതായും കെഎസ്ഇബി അറിയിച്ചു.
ഏപ്രിൽ 23-ന് രാത്രി 10:30 ഓടെ ഒരു മിനിറ്റ് നേരം വൈദ്യുതി ആവശ്യകത 6195 മെഗാവാട്ട് വരെ എത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് നിലവിൽ അനുഭവപ്പെടുന്നത്. ആഭ്യന്തര ഉത്പാദനം പരമാവധി വർദ്ധിപ്പിച്ചും പുറത്തുനിന്ന് വൈദ്യുതി വാങ്ങിയും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സേവനം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎസ്ഇബി.
എന്നാൽ ആവശ്യകത പരിധിക്കപ്പുറം ഉയർന്നത് പ്രസരണ-വിതരണ ശൃംഖലയെ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഇതിന്റെ ഫലമായി ചിലയിടങ്ങളിൽ വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ടെന്നും, ശൃംഖലാ പുനക്രമീകരണത്തിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
നിലവിലെ താത്കാലിക പ്രതിസന്ധി മറികടക്കാൻ വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ തുടങ്ങിയ വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഈ സമയത്ത് ഒഴിവാക്കണം.
ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും എസിയുടെ ഉപയോഗവും പീക്ക് മണിക്കൂറുകൾക്ക് ശേഷം മറ്റു സമയങ്ങളിലേക്ക് ക്രമീകരിക്കണമെന്നും നിർദ്ദേശമുണ്ട്.എസിയുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ പീക്ക് സമയത്തെ പ്രതിസന്ധി ഒഴിവാക്കാൻ സാധിക്കും.
ഇത്തരം ലളിതമായ ക്രമീകരണങ്ങൾ ഉപഭോക്താക്കൾക്ക് വരാനിരിക്കുന്ന ഉയർന്ന വൈദ്യുതി ബിൽ കുറയ്ക്കാൻ ഉപകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. സംസ്ഥാനത്തെ വൈദ്യുതി വിതരണ ശൃംഖലയെ സംരക്ഷിക്കാൻ ഉപഭോക്താക്കളുടെ പൂർണ്ണ സഹകരണം അനിവാര്യമാണെന്ന് കെഎസ്ഇബി വ്യക്തമാക്കി.









0 comments