print edition വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; അധിക വൈദ്യുതി വാങ്ങാൻ അനുമതി

സ്വന്തം ലേഖിക
Published on Apr 27, 2026, 01:53 AM | 1 min read
തിരുവനന്തപുരം: കടുത്ത വേനലും വൈദ്യുതി ഉപഭോഗത്തിലുണ്ടായ അപ്രതീക്ഷിത വർധനവും പരിഗണിച്ച്, ഹ്രസ്വകാലാടിസ്ഥാനത്തിൽ അധിക വൈദ്യുതി വാങ്ങാനുള്ള കെഎസ്‌ഇബിയുടെ അപേക്ഷയ്ക്ക് റെഗുലേറ്ററി കമീഷൻ അംഗീകാരം. മെയ് പകുതി വരെ ഉണ്ടാകാനിടയുള്ള പ്രതിസന്ധി മറികടക്കാൻ 250 മെഗാവാട്ട് വരെ അധിക വൈദ്യുതി ലഭ്യമാക്കും.
പവർ എക്സ്ചേഞ്ചുകളിലെ "ടേം എ ഹെഡ് മാർക്കറ്റ്' വഴി വാങ്ങുമ്പോൾ, യൂണിറ്റിന് പരമാവധി 10 രൂപയും, അഞ്ച് പൈസ വരെ മാർജിനും നിശ്ചയിച്ചിട്ടുണ്ട്. സുതാര്യമായ രീതിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ വൈദ്യുതിയുടെ അളവും വിലയും നിശ്ചയിച്ച് വാങ്ങാൻ കഴിയുന്ന ഒടിസി പ്ലാറ്റ് ഫോം ഉപയോഗിക്കാനും കമീഷൻ അനുമതി നൽകി.
ഹ്രസ്വകാല വൈദ്യുതി സംഭരണം നിയന്ത്രിക്കുന്നതിനും നടപ്പാക്കുന്നതിനുമായി അപെക്സ് കമ്മിറ്റി, ഓപ്പറേഷണൽ കമ്മിറ്റി എന്നീ സമിതികളുടെ രൂപീകരണത്തിനും കമീഷൻ അംഗീകാരം നൽകി. വൈദ്യുതി വാങ്ങുമ്പോൾ ബോർഡ് കൂടുതൽ ജാഗ്രത കാട്ടണമെന്ന് കമ്മീഷൻ നിർദേശിച്ചു.
സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം ദിവസവും വിലയിരുത്താൻ പ്രത്യേക സംവിധാനം വേണം. ഈ വിവരങ്ങൾ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ള ഉന്നതതലത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും വൈദ്യുതി വാങ്ങി കഴിഞ്ഞ് ഒരാഴ്ചയ്ക്കകം പൂർണ വിവരങ്ങളും ചെലവായ തുകയും കമീഷനെ ബോധിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
മാർച്ചിൽ പ്രതീക്ഷിച്ചതിലും അധികം വൈദ്യുതി ഉപഭോഗം സംസ്ഥാനത്തുണ്ടായി. വേനൽ മഴയുടെ കുറവും എൽപിജി ലഭ്യതകുറവും മൂലം പാചകത്തിന് വൈദ്യുതി ഉപകരണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതും വൈദ്യുതി ആവശ്യകത വർധിക്കാൻ കാരണമായി.










0 comments