കേന്ദ്രം എച്ച്എൻഎൽ പൂട്ടിയതോടെ തൊഴിൽ നഷ്ടപ്പെട്ടവരാണ് ഗുണഭോക്താക്കൾ
print edition കെപിപിഎല്ലിനെ ചേർത്തുപിടിച്ച് സർക്കാർ ; 181 കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്തി

തിരുവനന്തപുരം
കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞ വെള്ളൂർ എച്ച്എൻഎൽ സംസ്ഥാനം ഏറ്റെടുത്ത് രൂപംനൽകിയ കെപിപിഎല്ലിലെ മുഴുവൻ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്തി. 181 കരാർ ജീവനക്കാർക്കാണ് സ്ഥിരംനിയമനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. എച്ച്എൻഎൽ അടച്ചുപൂട്ടിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്കാണ് സംസ്ഥാന സർക്കാർ പുനർനിയമനം നൽകിയത്. തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
ദേശീയ കമ്പനി ലോ ട്രിബ്യൂണൽ അംഗീകരിച്ച റസല്യൂഷൻ പ്ലാൻ പ്രകാരം തൊഴിലാളികൾക്കുള്ള സാമ്പത്തിക ബാധ്യതയടക്കം തീർത്താണ് സംസ്ഥാനം എച്ച്എൻഎൽ ഏറ്റെടുത്തത്. കെപിപിഎൽ പ്രവർത്തനം തുടങ്ങിയശേഷം പഴയ തൊഴിലാളികളെതന്നെയാണ് പരമാവധി തസ്തികകളിൽ നിയമിച്ചത്.
ശേഷം കെപിപിഎല്ലിന്റെ തുടർ പ്രവർത്തനത്തിന് ആവശ്യമുള്ള ജീവനക്കാരുടെ ഘടനയെക്കുറിച്ചും നിയമനങ്ങളെക്കുറിച്ചും പഠിക്കാൻ ഹ്യൂമൻ റിസോഴ്സ് കമ്മിറ്റിയെ സർക്കാർ 2021ൽ നിയോഗിച്ചു. ഈ കമ്മിറ്റിക്ക് ആവശ്യമായ കൺസൾട്ടൻസി സേവനം നൽകാൻ പ്രോഡക്ടിവിറ്റി കൗൺസിലിനെയും ചുമതലപ്പെടുത്തി. ഈ രണ്ട് പഠന റിപ്പോർട്ടുകളുടെയും ധനവകുപ്പിന്റെ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തീരുമാനം. സ്ഥിരപ്പെടുത്തുന്നതോടെ നിയമപരമായ എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കും.
സംസ്ഥാന സർക്കാർ ഏറ്റെടുത്ത ശേഷം വിറ്റുവരവ് ക്രമാനുഗതമായി വർധിപ്പിക്കാൻ കെപിപിഎല്ലിന് കഴിഞ്ഞു. 2025-–2026 സാമ്പത്തിക വർഷം ഇതുവരെ 85 കോടി രൂപയുടെ വിറ്റുവരവ് നേടാനായി. 741 കോടി രൂപയുടെ അടുത്തഘട്ട വിപുലീകരണ പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്.
പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും തൊഴിലാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന സർക്കാർ നയത്തിന്റെ ഉദാഹരണമാണ് കെപിപിഎൽ എന്നും മന്ത്രി പ റഞ്ഞു.










0 comments