print edition റിക്രൂട്ട്മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി; പൊതുമേഖലാ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം

മിൽജിത് രവീന്ദ്രൻ
Published on Sep 20, 2026, 01:30 AM | 1 min read
തിരുവനന്തപുരം : കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡിനെ (കെപിഇഎസ്ആർബി) നോക്കുകുത്തിയാക്കി വ്യവസായ വകുപ്പിനുകീഴിലുള്ള സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെഎസ്ഐഇ), സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർഗിങ്സ് ലിമിറ്റഡ് (എസ്ഐഎഫ്എൽ) എന്നീ സ്ഥാപനങ്ങളിൽ എംഡിമാർക്കാണ് രാഷ്ട്രീയനിയമനം.
കെഎംഎംഎൽ മാനേജരായിരുന്ന ഡോ. കെ എം അനിൽ മുഹമ്മദിനെ കെഎസ്ഐഇ എംഡിയായാണ് നിയമിച്ചത്. ബിഷപ്പുമാരെ അപമാനിച്ചും മതസ്പർധ വളർത്തുംവിധവും സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് എൽഡിഎഫ-് സർക്കാർ അനിൽ മുഹമ്മദിനെ സസ്പെൻഡ് ചെയ്തിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയയുടൻ ഇയാളെ തിരിച്ചെടുത്ത് കെഎസ്ഐഇയുടെ തലപ്പത്തിരുത്തിയിരുന്നു.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കയർഫെഡ്, ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവൽ എന്നിവയുടെ തലപ്പത്ത് അനിലിന് നിയമനം നൽകിയിരുന്നു. കിൻഫ്ര എറണാകുളം പാർക്കിൽ മാനേജരായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനെയാണ് എസ്ഐഎഫ്എൽ എംഡിയായി നിയമിച്ചത്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാരെ റിക്രൂട്ട്മെന്റ് ബോർഡ് വഴി മാത്രമേ തെരഞ്ഞെടുക്കാവൂവെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് പിൻവാതിൽ നിയമനങ്ങൾ.
നിയമനങ്ങൾ സുതാര്യമാക്കാനാണ് പി രാജീവ് വ്യവസായമന്ത്രിയായിരിക്കെ റിക്രൂട്ട്മെന്റ് ബോർഡിന് രൂപംനൽകിയത്. വ്യവസായ വകുപ്പിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ പിഎസ്സി പരിധിയിൽപ്പെടാത്ത മുഴുവൻ നിയമനങ്ങളും ബോർഡ് വഴിയാക്കിയിരുന്നു. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും ബോർഡ് വഴി നിയമനം നടത്തിയിരുന്നു.
മുൻ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ആണ് ബോർഡ് ചെയർമാൻ. ബോർഡ് നിലവിൽ വന്നതോടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ രാഷ്ട്രീയ നിയമനങ്ങൾക്ക് അവസാനമായിരുന്നു. ഇൗ സംവിധാനമാണ് യുഡിഎഫ് സർക്കാർ അട്ടിമറിച്ചത്. ബോർഡ് വഴിയുള്ള നിയമനങ്ങൾ പൂർണമായും മരവിപ്പിച്ചിരിക്കുകയാണ്. കെഎംഎംഎല്ലടക്കമുള്ള സുപ്രധാന സ്ഥാപനങ്ങളിൽ എംഡിമാരില്ലാത്ത സാഹചര്യവുമുണ്ട്. ഇവിടങ്ങളിലും രാഷ്ട്രീയ നിയമനമാണ് ലക്ഷ്യം.









0 comments