ഈ അലവലാതിയെ ഇനിയും ചുമക്കണോ; മണിശങ്കർ അയ്യരെ അധിക്ഷേപിച്ച് കെപിസിസി വക്താവ് ജിന്റോ ജോൺ

തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യരെ അധിക്ഷേപിച്ച് കെപിസിസി വക്താവ് ജിന്റോ ജോൺ. കേരള സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 എന്ന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ കേരളത്തിൽ എൽഡിഎഫ് ഭരണം തുടരുമെന്നും പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും മണിശങ്കർ അയ്യർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കെപിസിസി വക്താവ് മുതിർന്ന നേതാവിനെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയത്. ഈ അലവലാതിയെ ഇനിയും ചുമക്കണോ? എന്നു പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ അങ്ങേയറ്റം അധിക്ഷേപകരമായ പരാമർശങ്ങളാണ് മണിശങ്കർ അയ്യർക്കെതിരെ ജിന്റോ ജോൺ നടത്തുന്നത്.
മിണ്ടാതിരിക്കാനുള്ള വകതിരിവെങ്കിലും മണിശങ്കറിന് വേണമെന്നും മണിശങ്കർ അയ്യരാണ് തെറ്റെന്നും ജിന്റോ കുറിപ്പിൽ പറഞ്ഞു. സ്ഥലകാല വിഭ്രമത്തിന് മണിശങ്കർ അയ്യർ മരുന്ന് വാങ്ങിക്കണമെന്നും നെല്ലിക്കാത്തളം നല്ലതാണെന്നും ജിന്റോ അധിക്ഷേപിച്ചു. മുൻ കേന്ദ്രമന്ത്രിയായിരുന്ന നേതാവിനെ അധിക്ഷേപിച്ചിട്ടും സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
വിഷൻ 2031സമ്മേളനത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെ മണിശങ്കർ അയ്യർ അഭിനന്ദിച്ചിരുന്നു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാ ഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർടിയാണ് എന്ന് പറഞ്ഞ മണിശങ്കർ ജനാധിപത്യ വികേന്ദ്രീകൃത പരീക്ഷണത്തിൽ കേരളം സൃഷ്ടിച്ച മാതൃക കൂടുതൽ മെച്ചപ്പെടുത്തി മുന്നോട്ട് പോകാൻ കഴിയട്ടെ എന്നും ആശംസിച്ചിരുന്നു. ഡോ തോമസ് ഐസക്കിനെ പേരുവിളിച്ച് അഭിനന്ദിച്ച മണിശങ്കർ വിഷൻ 2031സമ്മേളനം ബഹിഷ്‌ക്കരിച്ച കേരളത്തിലെ കോൺഗ്രസ് നേതാക്കളെ വിമർശിക്കുകയും ചെയ്തു.
തന്റെ പാർടിയായ കോൺഗ്രസ് പരാജയപ്പെട്ടിടത്ത് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പിണറായി വിജയന് ഏറെ മുന്നോട്ട് പോകാൻ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.










0 comments