വാട്ട് യൂ മീൻ? വയനാട് ഫണ്ട് തട്ടിപ്പ് ചോദ്യത്തോട് പൊട്ടിത്തെറിച്ച് സണ്ണി ജോസഫ് ; ഉത്തരമില്ലാതായതോടെ തടിതപ്പി

ഫയൽ ചിത്രം
തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്‍റെ വയനാട് ഫണ്ട് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. വയനാടിന് വേണ്ടി ഫണ്ട് കളക്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോൺഗ്രസിന് വല്ലാതെ അലട്ടുന്നുണ്ടോ ? എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.
ഫണ്ടുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകൾ എന്താ എന്ന് പറഞ്ഞേ എന്ന് പറഞ്ഞ് സണ്ണി ജോസഫ് മാധ്യമപ്രവർത്തകരോട് കയർത്ത് സംസാരിക്കുകയായിരുന്നു. വാട്ട് യു മീൻ എന്നും ഇത് അനാവശ്യമായ ചോദ്യമാണെന്നും ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്താ എന്ന് പറഞ്ഞേ എന്ന് ചോദിക്കുന്ന സണ്ണി ജോസഫ്, മാധ്യമപ്രവർത്തകർക്ക് മറുപടി പറയാനുള്ള സമയം പോലും നൽകിയില്ല.
ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതായതോടെ എനിക്ക് വേറെ പറണിയുണ്ട്, നിങ്ങൾക്ക് മലയാളം അറിയുമോ എന്നെല്ലാം ചോദിച്ച് സണ്ണി ജോസഫ് മാധ്യമപ്രവർത്തകരോട് തട്ടിക്കയറുകയായിരുന്നു. അഞ്ച് കോടിയിലധികം രൂപ കിട്ടി എന്ന് പറയപ്പെടുന്നുണ്ടല്ലോ അന്നും അതിനെല്ലാം കൃത്യമായ തെളിവുകൾ ഉണ്ടോ എന്ന ചോദ്യത്തിനും സണ്ണി ജോസഫ് മറുപടി നൽകിയില്ല.
വയനാട് മുണ്ടക്കൈ- ചൂരൽമല അതിജീവിതർക്കായി വീട് വച്ചുനൽകാൻ കോൺഗ്രസിന്റെ കയ്യിൽ പണമില്ലെന്നായിരുന്നു സണ്ണി ജോസഫ് ആദ്യം വെളിപ്പെടുത്തിയത്. വീട് നിർമിക്കാൻ ഇനിയും പണം ആവശ്യമുണ്ടെന്നും ഇതിനായി പാർടി ഫണ്ടിൽ നിന്നും പണം കണ്ടെത്തണമെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വീട് നിർമിക്കാനായി പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും ജോയിന്റ് അക്കൗണ്ടിലേക്ക് 5.38 കോടി (5,38,21,632) രൂപയാണെത്തിയത്. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് പിരിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപയും കോൺഗ്രസ് നേതൃത്വത്തിന്റെ കൈകളിലെത്തി. ഇതിൽ നിന്ന് ഒമ്പത് ലക്ഷം രൂപ ആപ്പ് നിർമിക്കാൻ നൽകി.
രണ്ട് ഘട്ടമായി സ്ഥലം വാങ്ങിയയോടെ പണം തീർന്നു. കെപിസിസി ഫണ്ടിൽ നിന്ന് 97 ലക്ഷം രൂപ കൂടി മുടക്കിയാണ് സ്ഥലം വാങ്ങിയത്. ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾക്ക് ഇനിയും 73 ലക്ഷം രൂപ കൂടി ആവശ്യമുണ്ട്. അത് കെപിസിസി-എഐസിസി ഫണ്ടിൽ നിന്നും കണ്ടെത്തുമെന്നുമായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.










0 comments