കെപിസിസി ഭാരവാഹി ചർച്ച; ലക്ഷ്യമിടുന്നത് വിവാദം വഴിതിരിക്കാൻ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം ഉയർന്ന വിവാദങ്ങളിൽനിന്ന് മാധ്യമശ്രദ്ധ തിരിക്കാൻ കെപിസിസി പ്രസിഡന്റ് ഭാരവാഹി ചർച്ച സജീവമാക്കി കോൺഗ്രസ്. നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥാനമൊഴിയാൻ പരസ്യമായി സന്നദ്ധത അറിയിച്ചത് ഇതിന്റെ ഭാഗം.
ഭാരവാഹി ചർച്ചകളുടെ ഭാഗമായി എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി ഞായറാഴ്‌ച തലസ്ഥാനത്തെത്തി. അവർ മുതിർന്ന നേതാക്കളും മുൻ കെപിസിസി പ്രസിഡന്റുമാരുമായി സംസാരിക്കും.
സർക്കാരിലെ വിവാദങ്ങൾ ചർച്ചചെയ്യാൻ കെപിസിസി യോഗം വിളിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്. സണ്ണി ജോസഫിന്റെ അളിയൻ നിയമനം, പിഎം ശ്രീ, തെരഞ്ഞെടുപ്പ് കമീഷണർ നിയമനം, വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതി, വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം, കരിമണൽ ഖനനം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാണ് ആവശ്യം.
എന്നാൽ, കെപിസിസി ഭാരവാഹി ചർച്ച സജീവമാക്കിയതോടെ കോൺഗ്രസിനുള്ളിൽ പുകയുന്ന അസ്വാരസ്യങ്ങൾ തല്ലിക്കെടുത്താമെന്നാണ് നേതാക്കൾ വ്യാമോഹിക്കുന്നത്. ചർച്ച ഒഴിവാക്കാൻ പുതിയ ഭാരവാഹികൾ വന്നശേഷം കെപിസിസി യോഗം ചേർന്നാൽ മതിയെന്നാണ് നിലവിലെ ധാരണ.
കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴയ്‌ക്കൻ, ബെന്നി ബഹ്‌നാൻ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരുന്നത്. വർക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ എന്നിവർ മന്ത്രിമാരായതോടെ ഇവർക്കും പകരക്കാരെ കണ്ടെത്തണം.
നിലവിലെ സാഹചര്യം എഐസിസിയെ ബോധ്യപ്പെടുത്തുകയാണ് ദീപ ദാസ്‌മുൻഷിയുടെ ചുമതല. ശേഷം കേരളത്തിലെ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കും. രാഹുൽ ഗാന്ധി വിദേശത്തുനിന്ന് എത്തിയശേഷം പ്രസിഡന്റിനെ തീരുമാനിക്കും. ഒരാൾക്ക് ഒരു പദവി എന്നായാൽ കൊടിക്കുന്നിൽ സുരേഷും ബെന്നി ബഹ്‌നാനും പുറത്താകും. അങ്ങനെയെങ്കിൽ ജോസഫ് വാഴയ്‌ക്കന് വഴിതെളിയും.










0 comments