Deshabhimani

അമേരിക്ക നിബന്ധനകൾ അം​ഗീകരിക്കാതെ ഹോർമുസ് തുറക്കില്ല; നിലപാട് കടുപ്പിച്ച് ഇറാൻ

iran.png
വെബ് ഡെസ്ക്

Published on Oct 04, 2026, 05:05 PM | 1 min read

തെഹ്റാൻ : അമേരിക്ക ഏഴ് നിബന്ധനകൾ അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ഇറാൻ പാർലമെന്റ് സ്പീക്കറും സമാധാന ചർച്ചകളിലെ പ്രധാന പ്രതിനിധിയുമായ മുഹമ്മദ് ബാഖർ ഖാലിബാഫാണ് നിലപാട് വ്യക്തമാക്കിയത്. ജൂണിൽ നടന്ന സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ മുന്നോട്ടുവച്ച നിബന്ധനകളാണിതെന്ന് അദ്ദേഹം പറഞ്ഞു.


ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിനിടെ ഇറാൻ മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ കടലിടുക്ക് തുറക്കുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോർമുസ് വഴി സാധാരണ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാമെന്നും പറഞ്ഞിരുന്നു. അതേസമയം, ഖത്തർ വഴി അമേരിക്ക ഇറാന്റെ നിർദേശങ്ങൾക്ക് മറുപടി നൽകിയതായും റിപ്പോർട്ടുണ്ട്.


ഏകപക്ഷീയമായ ആവശ്യങ്ങൾ മുന്നോട്ടുവച്ച് ചർച്ചകൾ നീട്ടിക്കൊണ്ടുപോകുന്ന അമേരിക്കയുടെ ആധിപത്യം അവസാനിച്ചെന്ന് ഖാലിബാഫ് പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് വിഷയത്തിൽ ഇറാന്റെ നിലപാട് വ്യക്തവും ഉറച്ചതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നയതന്ത്രത്തിലൂടെ പ്രശ്നപരിഹാരം സാധ്യമാകുമെന്ന് പ്രതീക്ഷയുണ്ടെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി വ്യക്തമാക്കിയത്. അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിച്ചാൽ തിരിച്ചടിക്കാൻ തയ്യാറാണെന്നും അരാ​ഗ്ചി മുന്നറിയിപ്പ് നൽകി.


അമേരിക്കയുടെ പുതിയ നിർദേശങ്ങളിൽ ആണവ വിഷയത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. നിലവിൽ ഇറാൻ–അമേരിക്ക ചർച്ചകളുടെ പ്രധാന വിഷയം ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും, അതുവഴിയുള്ള കപ്പൽ ​ഗതാ​ഗതം പുനഃസ്ഥാപിക്കലുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി പറഞ്ഞു. ആണവ കേന്ദ്രങ്ങളിൽ പരിശോധന അനുവദിക്കുന്നതിന് പകരമായി ഉപരോധ ഇളവ് നൽകാമെന്ന തരത്തിലുള്ള ധാരണ ഇറാൻ മുന്നോട്ടുവച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ലോകത്തെ പ്രധാന എണ്ണ, ദ്രവീകൃത പ്രകൃതിവാതക ഗതാഗത പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള ഊർജവിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ഇസ്രയേൽ-യുഎസ് സഖ്യം ഇറാനിൽ നടത്തിയ കടന്നാക്രമണത്തോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചത്. ഇതോടെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home