രാജ്യതലസ്ഥാനം സമരകലുഷിതം; പ്രതിഷേധങ്ങൾ അടിച്ചമർത്താൻ 'കസ്റ്റഡി നീക്കം' തുടർന്ന് പൊലീസ്

ന്യൂഡൽഹി: ഡൽഹിയിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിഷേധം. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും ആവശ്യപ്പെട്ടാണ് രാജ്യതലസ്ഥാനത്ത് പ്രകടനങ്ങൾ നടക്കുന്നത്. ജന്തർ മന്തറിലേക്ക് എഎപി നടത്തിയ പ്രതിഷേധം ഇന്ത്യാഗേറ്റ് പരിസരത്ത് പൊലീസ് തടഞ്ഞു. എംഎൽഎയും എഎപി നേതാവുമായ സൗരവ് ഭരദ്യാജിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്.
മാർച്ചിനിടെ എഎപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകകയായിരുന്നു. നാല് ബസുകളിലായാണ് പ്രവർത്തകരെ ജന്തർ മന്തർ പ്രദേശത്ത് നിന്ന് നീക്കിയത്. സൗരവ് ഭരദ്യാജ് ഉൾപ്പെടെ നിരവധിയാളുകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് ബസിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. എഎപി പ്രവർത്തകർക്ക് പുറമെ നിരവധിയാളുകൾ പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തുന്നുണ്ട്. ഐസയുടെയും പൗരസമിതികളുടേയും നേതൃത്വത്തിൽ വൈകിട്ട് മറ്രൊരു പ്രതിഷേധവും ആരംഭിച്ചു.
ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ എസിപി വിവേക് ഭഗത് ഉൾപ്പെടുന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ലൈംഗികമായി ഉപദ്രവിച്ചതായി മൂന്ന് മാധ്യമപ്രവർത്തകർ പരാതിപ്പെട്ടിരുന്നു. എസിപിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ മുതൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്, സിജെപി വക്താവ് സൗരവ് ദാസ് എന്നിവർ ഡൽഹി പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധക്കാർക്ക് പിന്തുണയറിയിച്ചിരുന്നു. പിന്നീട് പ്രതിഷേധക്കാരുമായി പൊലീസ് ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല.








0 comments