print edition കെപിസിസി പ്രസിഡന്റ് പുനഃസംഘടന കടുപ്പമാകും

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പട്ടികയിൽ എ പി അനിൽകുമാറിന്റെ പേര് സജീവ ചർച്ചയായതോടെ സോണിയാ ഗാന്ധിയെ സ്വാധീനിക്കാൻ കഴിയുന്ന മുതിർന്ന നേതാക്കളെ രംഗത്തിറക്കി കൊടിക്കുന്നിൽ സുരേഷ്. അതേസമയം, ‘കെസിജിയുടെ മുൻകൈയിൽ കാര്യങ്ങൾ തീരുമാനിക്കാം’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി ചില നേതാക്കൾ സ്ഥിരീകരിച്ചു. ഇത് സതീശൻ വിരുദ്ധ പക്ഷത്തിന് കരുത്ത്‌കൂട്ടി. ഇരുവിഭാഗവും ശക്തമായി രംഗത്തെത്തിയതോടെ നവംബറിൽ പുതിയ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കാനുള്ള നീക്കം വഴിമുട്ടി.
പാർടി തീരുമാനിച്ചാൽ ഏത് സ്ഥാനം ഒഴിയാനും മറ്റൊന്ന് ഏറ്റെടുക്കാനും സന്നദ്ധനാണെന്ന് എ പി അനിൽകുമാർ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ മന്ത്രിസഭാ പുനഃസംഘടന അനാവശ്യമാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ തീരുമാനം. ബോർഡ് കോർപറേഷൻ നിയമനവും പ്രതിസന്ധിയിലാണ്.
എ കെ ആന്റണി, വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുടെ പിന്തുണ തനിക്കുണ്ടെന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ അവകാശവാദം. കോൺഗ്രസിൽ അന്തിമ തീരുമാനം എടുക്കുന്ന സോണിയ ഗാന്ധിയെ സ്വാധീനിക്കാൻ ഇവർക്കുകഴിയും. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ നേരത്തേതന്നെ കൊടിക്കുന്നിലിന് അനുകൂലമാണ്. ഇതുകൂടി മുന്നിൽ കണ്ടാണ് മറുഭാഗം ദലിത് വിഭാഗത്തിൽനിന്നുള്ള അനിൽകുമാറിനെ രംഗത്തിറക്കിയത് എന്നാണ് സതീശനൊപ്പമുള്ളവർ പറയുന്നത്.
കെപിസിസി പ്രസിഡന്റിനെ മാത്രമല്ല യുഡിഎഫ് കൺവീനറെയും മാറ്റണമെന്ന നിലപാടാണ് വി ഡി സതീശന്റേത്. കൊടിക്കുന്നിൽ പ്രസിഡന്റായാൽ സാമുദായിക സമവാക്യം നിലനിർത്താൻ ജോസഫ് വാഴയ്-ക്കനെ യുഡിഎഫ് കൺവീനറാക്കണമെന്ന തന്ത്രപരമായ വാദവും ഇവർ മുന്നോട്ട് വയ്-ക്കുന്നു. മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു.
കോൺഗ്രസിൽ നേതൃദാരിദ്ര്യമില്ലെന്നും മന്ത്രിസ്ഥാനം രാജിവച്ച് ആരെങ്കിലും കെപിസിസി പ്രസിഡന്റാകേണ്ട സാഹചര്യം ഇല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നടിച്ചു. രമേശ് ചെന്നിത്തലയും എം എം ഹസനും ഇക്കാര്യത്തിൽ നിശബ്ദത പാലിച്ചപ്പോൾ, പുതിയ പ്രസിഡന്റ് വരാത്തതുമൂലം പാർടി അതീവ ദുർബലാവസ്ഥയിലായെന്നാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രതികരണം.









0 comments