print edition പുനഃസംഘടന നീളുന്നു; ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ

സി കെ ദിനേശ് : കെപിസിസി പ്രസിഡന്റ്, ഭാരവാഹി പുനഃസംഘടനാ നടപടികൾ ഉടനെയുണ്ടാകില്ലെന്ന് തെളിയിച്ച് ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ. തൽക്കാലം പുനഃസംഘടന നടത്താൻ ഹൈക്കമാൻഡിന് താൽപ്പര്യമില്ലെന്നാണ് ഡൽഹിയിൽനിന്നുള്ള വിവരം. മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണയ്ക്കുന്ന പ്രസിഡന്റ് വരരുതെന്നാണ് കെ സി വേണുഗോപാൽ അനുയായികളുടെ ആവശ്യം.
കൊടിക്കുന്നിൽ സുരേഷിനെയും എ പി അനിൽകുമാറിനെയും മുൻനിർത്തി ഇരുവിഭാഗങ്ങളും കൊമ്പുകോർക്കുന്നതിനിടെ പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫും അടങ്ങിയിരിക്കുന്നില്ല. വെള്ളിയാഴ്‌ച രാത്രി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.
കോർപറേഷൻ, ബോർഡ് ഭാരവാഹികളെ സംബന്ധിച്ച ചർച്ച മുഖ്യമന്ത്രിയുടെ വസതിയിൽ നടന്നിരുന്നു. സണ്ണിയെക്കൂടാതെ രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരാണ് പങ്കെടുത്തത്.
പുനഃസംഘടനയുൾപ്പെടെ സംഘടനാകാര്യങ്ങളിൽ വലിയൊരു വിഭാഗം നിശബ്ദരായിരിക്കുന്നത് ബോർഡുകളിലും മറ്റും കിട്ടിയേക്കാവുന്ന സ്ഥാനങ്ങൾ പ്രതീക്ഷിച്ചാണ്. പ്രഖ്യാപനത്തോടെ കടുത്ത പൊട്ടിത്തെറികളുണ്ടാകും. കെപിസിസി പ്രസിഡന്റ് ആകാൻ താനാണ് യോഗ്യനെന്ന് കൊടിക്കുന്നിൽ മാധ്യമങ്ങളോട് പറഞ്ഞത് മുഖ്യമന്ത്രിയുടെ പിന്തുണയിലാണ്. ‘എല്ലാ വിഭാഗത്തിൽനിന്നും തനിക്ക് പിന്തുണയുണ്ട്.
സാമുദായിക പരിഗണന, സ്വീകാര്യത തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് ഹൈക്കമാൻഡ് തീരുമാനമെടുക്കാറുള്ളത്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ പിന്തുണയുമുണ്ട്’ – സുരേഷ് അവകാശപ്പെട്ടു. കെ മുരളീധരൻ കൊടിക്കുന്നിലിനെ പിന്താങ്ങുന്പോൾ മറുപക്ഷത്തെ എ പി അനിൽകുമാർ അതെല്ലാം തള്ളുകയാണ്. പ്രസിഡന്റ് ആരാകണം എന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അതിനപ്പുറത്ത് ഒന്നുമില്ലെന്നും അനിൽകുമാർ പറയുന്നു.









0 comments