Deshabhimani

print edition ബോർഡ്‌ – കോർപറേഷൻ നിയമനങ്ങൾ പുനഃസംഘടനയ്‌ക്കുശേഷം മതിയെന്ന്‌ ഹൈക്കമാൻഡ്‌

UDF.JPG
avatar
സി കെ ദിനേശ്‌

Published on Nov 05, 2026, 01:30 AM | 1 min read

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റിനെയും ഭാരവാഹികളെയും തീരുമാനിച്ചശേഷം മതി ബോർഡ്‌– കോർപറേഷൻ നിയമനങ്ങളെന്ന്‌ ഹൈക്കമാൻഡിന്റെ നിർദേശം. തർക്കം രൂക്ഷമായ സാഹചര്യത്തിലാണിത്‌. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർക്കെതിരായ സമരത്തിന്‌ ഡെൽഹിയിലെത്തിയപ്പോഴാണ്‌ സംസ്ഥാന നേതാക്കളെ ഇക്കാര്യം ഹൈക്കമാൻഡ്‌ അറിയിച്ചത്‌.


ഭരണപരിഷ്കാര കമീഷൻ കൂടാതെ പിഎസ്‌സി അംഗങ്ങളടക്കം നാൽപ്പതോളം സ്ഥാനങ്ങളിലേക്കുകൂടി മുസ്ലിംലീഗ്‌ പേരുകൾ നൽകിയിട്ടുണ്ട്‌. ചിലത്‌ പ്രഖ്യാപിക്കുകയും ചെയ്തു. കോൺഗ്രസിന്റെ പേരുകൾകൂടി തീരുമാനിച്ച്‌ ഒന്നിച്ച്‌ പ്രഖ്യാപിക്കാമെന്ന ധാരണയാണ്‌ ലീഗ്‌ ലംഘിച്ചത്‌.

പരമാവധി സ്ഥാനങ്ങൾ പിടിക്കാൻ വി ഡി സതീശനൊപ്പമുള്ളവർ നീക്കമാരംഭിച്ചിരുന്നു. മാധ്യമ പ്രവർത്തകയെ വനിതാ കമീഷൻ അധ്യക്ഷയാക്കാനുള്ള നീക്കത്തിനിടെ വേണുഗോപാൽ വിഭാഗം ദീപ്തി മേരി വർഗീസിന്റെ പേര്‌ മുന്നോട്ട്‌ വച്ചു കൊച്ചി മേയർ ആക്കാമെന്ന്‌ പറഞ്ഞ്‌ മത്സരിപ്പിച്ചെങ്കിലും ഒടുവിൽ സതീശൻ വെട്ടുകയായിരുന്നു.


അന്ന്‌ നൽകിയ വാഗ്ദാനം നടപ്പാക്കണമെന്നാണ്‌ ആവശ്യം. യുഡിഎഫിൽ അംഗബലമുള്ള പാർടിയായിട്ടും കോൺഗ്രസിന്‌ മതിയായ സ്ഥാനങ്ങൾ കിട്ടുന്നില്ലെന്നാണ്‌ ഒരു വിഭാഗം നേതാക്കളുടെ പരാതി. ദേവരാജനെ ഡെൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാക്കിയതിലും ലീഗിന്‌ ക്യാബിനറ്റ്‌ പദവിയുള്ള സ്ഥാനം നൽകിയതിലും കോൺഗ്രസിൽ ഭിന്നതയുണ്ട്‌. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച്‌ തോറ്റവർക്ക്‌ ഒരു സ്ഥാനവും നൽകില്ലെന്ന തീരുമാനവും മാറ്റണമെന്നും അഭിപ്രായമുയർന്നു.


മന്ത്രി എ പി അനിൽകുമാർ കെപിസിസി പ്രസിഡന്റാകുമെന്നും മന്ത്രിസഭയിൽ മാറ്റങ്ങളുണ്ടാകുമെന്നുമുള്ള അഭ്യൂഹം ശക്തമാണ്‌.

പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ എഐസിസി പരിഗണിക്കുന്ന കൊടിക്കുന്നിൽ സുരേഷിനെ വെട്ടാൻ കെ സി വേണുഗോപാൽ പുറത്തെടുത്ത തുറുപ്പുചീട്ടാണ്‌ അനിൽകുമാറെന്നും നേതാക്കൾ പറയുന്നു. എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയിൽനിന്നടക്കം ദളിതനെന്ന ആനുകൂല്യം സുരേഷിന്‌ ലഭിക്കുന്നുണ്ട്‌.


അനിൽകുമാറും അതേവിഭാഗത്തിൽ നിന്നാണെന്നും കുറേക്കൂടി ശക്തനാണെന്നുമാണ്‌ വേണുഗോപാൽ വിഭാഗം വാദിക്കുന്നത്‌. മുഖ്യമന്ത്രിയേയും മന്ത്രിസഭയേയും നിയന്ത്രിക്കാൻ അനിലിന്‌ കഴിയുമെന്നും ഇവർ പറയുന്നു. സതീശനെതിരെ കെപിസിസി യോഗങ്ങളിലും പരസ്യമായും നിലപാട്‌ എടുത്ത നേതാവാണ്‌. എന്നാൽ, വി ഡി സതീശൻ കൂടി സമ്മതിച്ചാലേ ഇത്‌ രണ്ടും നടക്കൂ. ദീപാവലിക്കുശേഷം ചർച്ച സജീവമാക്കി ഉടൻതന്നെ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണ്‌ എഐസിസി ശ്രമം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home