കെപിസിസി പ്രസിഡന്റ് അവകാശവാദവുമായി കൂടുതൽ പേർ


സി കെ ദിനേശ്
Published on Jun 01, 2026, 03:16 AM | 1 min read
തിരുവനന്തപുരം
: കെപിസിസി, ഡിസിസി ഭാരവാഹികളെ കണ്ടെത്താൻ നിരീക്ഷകരെയടക്കം നിയോഗിച്ച് ഹൈക്കമാൻഡ് നടപടി തുടങ്ങാനിരിക്കെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദവുമായി കൂടുതൽപേർ. എംഎൽഎ, മന്ത്രി, സ്ഥാനങ്ങളിലുള്ളവരെ പ്രധാന ഭാരവാഹികളായി പരിഗണിക്കേണ്ടതില്ലെന്ന് ധാരണയായതോടെ എംപിമാരടക്കം തള്ള് തുടങ്ങി.
കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യഘട്ടത്തിൽ വന്നത്. ഒടുവിൽ അടൂർ പ്രകാശും ടി ശരത്‌ചന്ദ്രപ്രസാദും അടക്കമുള്ളവർ വരിയിൽ കയറി. രണ്ടുപേരും ഡൽഹിയിൽ ഹൈക്കമാൻഡ് നേതാക്കളെ കണ്ട് ആവശ്യമുന്നയിച്ചു
സീനിയോരിറ്റിയും സാമുദായിക പ്രാതിനിധ്യവുമാണ് ഇരുവരും പ്രധാന അവകാശവാദമായി പറഞ്ഞിട്ടുള്ളത്. മന്ത്രിസഭയിൽ ചില സമുദായങ്ങൾക്ക് പ്രതിനിധികൾ കുറഞ്ഞുവെന്ന് മാത്രമല്ല, പ്രധാന വകുപ്പുകളിൽനിന്ന് അകറ്റിനിർത്തിയെന്ന വാദങ്ങളെ കെ സി വേണുഗോപാലും തള്ളുന്നില്ല. കൊടിക്കുന്നിൽ സുരേഷ് ഉയർത്തുന്ന ദളിത് പരിഗണനയും ഹൈക്കമാൻഡിന് കണ്ടില്ലെന്ന് നടിക്കാനാകില്ല.
ഭാരവാഹി തെരഞ്ഞെടുപ്പിനായി ജൂണിൽത്തന്നെ ഹൈക്കമാൻഡ് നിരീക്ഷകരെ വയ്ക്കുമെന്നാണ് അറിയുന്നത്. എഐസിസി നേതൃത്വം പ്രഖ്യാപിച്ച ‘സംഘതന്‍ സൃജന്‍ അഭിയാന്‍' പ്രചാരണ പരിപാടി നടത്തിയായിരിക്കും ഭാരവാഹികളെ നിശ്ചയിക്കുക.
പഴയ ഗ്രൂപ്പ് ഫോർമുലകൾ പ്രസക്തമല്ലെങ്കിലും പ്രധാന നേതാക്കളുടെ താൽപര്യങ്ങൾ പരിഗണിക്കേണ്ടിവരും. മുഖ്യമന്ത്രിക്കുകൂടി സ്വീകാര്യനായ ആളെ മാത്രമേ കെപിസിസി പ്രസിഡന്റായി പരിഗണിക്കേണ്ടതുള്ളൂ എന്ന് ധാരണയായെന്നും വി ഡി സതീശനൊപ്പമുള്ളവർ പറയുന്നു.
കടുത്ത വേണുഗോപാൽ പക്ഷക്കാരെ പ്രസിഡന്റാക്കാതിരിക്കാനുള്ള കളി സതീശനും നടത്തുന്നുണ്ട്. ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായ എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനൊടുവിൽ സംഘടന സതീശന്റെ കെെയിലെത്തിയതുകണ്ട് വേണുഗോപാൽ വിഭാഗവും ഞെട്ടിയിരിക്കുകയാണ്.










0 comments