ad
Deshabhimani

print edition പായസത്തിന്‌ പൂമണം; പൂക്കളാലിതാ പായസം

Payasam.jpg

പൂക്കൾകൊണ്ടുള്ള പായസങ്ങളുമായി 
പാരഗണിലെ ദക്ഷിണേന്ത്യൻ ഹെഡ് ഷെഫ് 
രാധാകൃഷ്ണനും അസിസ്റ്റന്റ് കോർപറേറ്റ് 
ഷെഫ് ശബരി ഗിരീഷും

വെബ് ഡെസ്ക്

Published on Aug 24, 2026, 12:29 AM | 1 min read

കോഴിക്കോട്‌: തെച്ചിപ്പൂ, ശംഖുപുഷ്‌പം, ചെന്പരത്തിപ്പൂ, റോസാപ്പൂ – ഓണക്കാലത്ത്‌ പൂവെന്ന്‌ കേൾക്കുമ്പോൾ പൂക്കളമാണ്‌ മനസ്സിൽ വരിക. എന്നാൽ പൂകൊണ്ടൊരു പായസമായാലോ. പൂവിന്റെ മണവും രുചിയുമേകുന്ന പായസം. പൂപ്പായസമോ എന്ന്‌ ഞെട്ടണ്ട, രുചിച്ചാൽ ഓണത്തിനൊരു പുതുമൂഡാകും. പൂക്കളമിട്ട്‌ ആഘോഷിക്കുന്ന തിരുവോണത്തിന്‌ കോഴിക്കോട്ടെ പാരഗൺ ഹോട്ടലാണ്‌ പൂപ്പായസ സ്വാദേകുന്നത്‌.


നാല്‌ പൂക്കളുടെ പായസമാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. ചെന്പരത്തി പാലട, റോസാപ്പൂചെവ്വരി പായസം, ശംഖുപുഷ്‌പം ഗോതന്പ്‌ പായസം, തെച്ചിപ്പൂ അരിപ്പായസം എന്നിങ്ങനെ നാല്‌ പൂക്കളാൽ പായസ പരീക്ഷണവുമായി ഇത്തവണത്തെ ഓണം തൂക്കുകയാണിവർ. പായസ ചേരുവക്കൊപ്പം പൂവും പ്രത്യേക കൂട്ടും ചേർത്താണ്‌ നിർമിതിയെന്ന്‌ പാരഗൺ അസി. കോർപറേറ്റ്‌ ഷെഫ്‌ ശബരി ഗിരീഷും ദക്ഷിണേന്ത്യൻ ഹെഡ്‌ ഷെഫ്‌ രാധാകൃഷ്‌ണനും പറഞ്ഞു.


ഒ‍ൗഷധഗുണമുള്ളതാണ്‌ നാല്‌ പുഷ്‌പങ്ങളുമെന്നതിനാലാണ്‌ ഇവ തെരഞ്ഞെടുത്തത്‌. വിപണിയിലിറക്കി കുറഞ്ഞ ദിവസത്തിനകം ഹിറ്റായ പൂപ്പായസങ്ങൾ ദിവസം 40 ലിറ്ററോളമുണ്ടാക്കുന്നു. ഓണം സ്‌പെഷ്യലായി 26വരെ പായസം ലഭിക്കും. അര ലിറ്ററിന്‌ 231 രൂപയാണ്‌ വില. ആപ്പിൾ, മാന്പഴം, ചക്ക, കാരക്ക, ഇളനീർ, വെളുത്തുള്ളി തുടങ്ങി വ്യത്യസ്‌തമായ പായസരുചികളാൽ മുന്പും ഭക്ഷണപ്രേമികളെ വിരുന്നൂട്ടിയിട്ടുണ്ട്‌ പാരഗൺ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home