കോഴിക്കോട് നിപ: വവ്വാലുകളിലെ പരിശോധനാ ഫലം നെഗറ്റീവ്; രോഗ ഉറവിടം ഇനിയും അജ്ഞാതം

പ്രതീകാത്മക ചിത്രം
കോഴിക്കോട്: ജില്ലയിൽ നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിപ രോഗബാധിതന്റെ വീടിന് സമീപത്തുനിന്നും പിടിച്ച വവ്വാലുകളുടെ പരിശോധനാ ഫലം നെഗറ്റീവ്. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച വവ്വാലുകളിലും അവയുടെ കാഷ്ഠത്തിലും നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യമില്ലെന്ന് തെളിഞ്ഞത്.
രോഗബാധിതന്റെ വീടിന്റെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ നിന്നും ശേഖരിച്ച വവ്വാലുകളെ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലാണ് പരിശോധനയ്ക്ക് അയച്ചത്. കൂടാതെ, രോഗിയുടെ ഗോഡൗണിന് സമീപമുള്ള വളർത്തുമൃഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളും നെഗറ്റീവാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതോടെ നിപ രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും ഉറവിടം ഇപ്പോഴും അവ്യക്തമായി നിൽക്കുകയാണ്. അതേസമയം, കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ രോഗപ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണ വിജയമാണെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.
പഴുതടച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് കാഴ്ചവെച്ചത്. ജില്ലാ കളക്ടർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, മെഡിക്കൽ കോളേജ് ഡോക്ടർമാർ, ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങൾ, ആശാ പ്രവർത്തകർ തുടങ്ങി പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ നിരീക്ഷണത്തിനായി പുതുതായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. സമ്പർക്കപ്പട്ടികയിലുള്ളവരിൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധിച്ച 15 പേരുടെയും ഫലങ്ങൾ നെഗറ്റീവാണെന്നത് വലിയ ആശ്വാസമാണ്.










0 comments