ad
Deshabhimani

print edition അരിവാൾരോഗത്തിന്‌ സമഗ്ര ചികിത്സ; കോഴിക്കോട്‌ മെഡി. കോളേജിൽ മികവിന്റെ കേന്ദ്രം ഒരുങ്ങുന്നു

കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ കാഷ്വാലിറ്റിയുടെ പുതിയ കെട്ടിടം  ഫോട്ടോ: ജഗത്‌ലാൽ
വെബ് ഡെസ്ക്

Published on May 08, 2026, 01:45 AM | 1 min read

കോഴിക്കോട്‌: ജനിതക അസുഖമായ അരിവാൾരോഗത്തിനെതിരെ സമഗ്ര ചികിത്സയും പരിശോധനയും ഗവേഷണവും നൽകുന്ന പ്രത്യേക കേന്ദ്രം ഗവ. മെഡിക്കൽ കോളേജിൽ ഒരുങ്ങുന്നു. ദേശീയ സിക്കിൾസെൽ അനീമിയ നിർമാർജന പദ്ധതിയുടെ ഭാഗമായാണ്‌ ഇ‍ൗ കേന്ദ്രത്തിന്‌ അംഗീകാരം ലഭിച്ചത്‌. ഇതിനെ തുടർന്ന്‌ കെട്ടിടനിർമാണം ഉൾപ്പെടെയുള്ളവ ആരോഗ്യ വകുപ്പ്‌ പൂർത്തീകരിച്ചു.


ഉപകരണങ്ങൾ വാങ്ങുന്ന പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌. അധികം വൈകാതെ പ്രവൃത്തി പൂർത്തീകരിച്ച്‌ ഉദ്‌ഘാടനത്തിലേക്ക്‌ കടക്കും. സംസ്ഥാനത്ത്‌ ആദ്യത്തേതാണിത്‌. വയനാട്‌, അട്ടപ്പാടി ട്രൈബൽ മേഖലയിൽ ഇ‍ൗ രോഗം കൂടുതലായി കാണുന്നുവെന്നതിനാൽ കോഴിക്കോട്‌ കേന്ദ്രീകരിച്ചുള്ള കേന്ദ്രം വലിയ ആശ്വാസമാകും.


ഇംഹാൻസ്‌ പ്രവർത്തിക്കുന്ന ക്യാന്പസിന്‌ സമീപത്തായാണ്‌ പ്രത്യേക കേന്ദ്രം സജ്ജമാക്കിയത്‌. വിദഗ്‌ധരുൾപ്പെടെ മറ്റ്‌ ജീവനക്കാരെയും വിന്യസിക്കുന്നതോടെ പ്രവൃത്തി പഥത്തിലേക്ക്‌ നീങ്ങാനാവും. ഹെമറ്റോളജി, പത്തോളജി ഡിപ്പാർട്ട്‌മെന്റുകൾക്ക്‌ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രം ജനിതക രോഗ ചികിത്സാ–പ്രതിരോധ ഹബ്ബായി പ്രവർത്തിക്കും.


ഒപി, അത്യാധുനിക പരിശോധന കേന്ദ്രം, ഗവേഷണ സ‍ൗകര്യങ്ങൾ എന്നിവയുണ്ടാകും. ജനിതക പരിശോധനയിൽ രോഗം കണ്ടെത്തി ജീൻ തെറാപ്പിയിലൂടെ രോഗമുക്തി സാധ്യമാക്കുകയാണ്‌ പ്രധാന ലക്ഷ്യം. ഇതോടൊപ്പം താഴേ തട്ട്‌ മുതൽ സ്‌ക്രീനിങ്‌, ബോധവൽക്കരണം, ചികിത്സ തുടങ്ങിയവയ്‌ക്ക്‌ ഏകോപനം, രോഗപ്രതിരോധ ഗവേഷണം, നൂതന സങ്കേതങ്ങളുപയോഗിച്ചുള്ള ജനിതക പരിശോധന എന്നിവയാണ്‌ ഇ‍ൗ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്‌.


എൻഎച്ച്‌എമ്മിന്റെ ഫണ്ടിന്‌ പുറമെ ട്രൈബൽ ഡിപ്പാർട്ട്‌മെന്റ്‌ ഏതാണ്ട്‌ 3.6 കോടി രൂപ ഇ‍ൗ കേന്ദ്രത്തിനായി വകയിരുത്തുന്നു. പ്രവർത്തനത്തിനുള്ള മാർഗരേഖ കഴിഞ്ഞ സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു.


അരിവാൾ രോഗത്തെ പ്രതിരോധിക്കാൻ മാതൃകാപരമായ ഒട്ടേറെ ഇടപെടലുകളാണ്‌ കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനം നടപ്പാക്കിയത്‌. മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനയിലൂടെ കണ്ടെത്തിയവർക്ക്‌ ഹൈഡ്രോക്സിയൂറിയ ചികിത്സ നൽകി. ജനന സമയത്തും പരിശോധന നടത്തുന്നു. പെൻഷൻ, കിറ്റ്‌ എന്നിവയും നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home