കോഴിക്കോട് തീപിടിത്തം: പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്‌റ്റാൻഡിലെ വസ്ത്ര വ്യാപാരശാലയിലുണ്ടായ തീപിടിത്തിൽ പൊലീസ് കേസെടുത്തു. ഫയർ ഒക്വറൻസ് വകുപ്പ് പ്രകാരം കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഞായർ വൈകീട്ടാണ് നഗരത്തെ നടുക്കിയ തീപിടിത്തമുണ്ടായത്. പുതിയ ബസ് സ്‌റ്റാൻഡിലെ കാലിക്കറ്റ് ടെക്സറ്റൈൽസ് എന്ന മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തം തുടങ്ങിയത്. പിന്നീട് മറ്റ് കടകളിലേക്കും തീ പടരുകയായിരുന്നു. തീപിടിത്തത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. എല്ലാത്തരത്തിലുമുള്ള പരിശോധനകൾ നടത്തിയ ശേഷമാകും സർക്കാർ വിഷയത്തിൽ തീരുമാനമെടുക്കുകയെന്നു മന്ത്രി പറഞ്ഞു.
തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി പ്രത്യേക സ്റ്റിയറിങ് കമ്മിറ്റി ഇന്ന് വിളിച്ചുചേർക്കുമെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. വിദഗ്ധമായ പരിശോധന നടത്തിയാൽ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകുകയുള്ളൂ. എല്ലാ കെട്ടിടത്തിലും ഫയർ ഓഡിറ്റിങ് നടത്തണമെന്നും ഉദ്യോഗസ്ഥ തലത്തിൽ മീറ്റിങ് വിളിക്കുമെന്നും മേയർ വ്യക്തമാക്കി. ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും മേയർ കൂട്ടിച്ചേർത്തു. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ ഫയർഫോഴ്സ് ഉൾപ്പെടെയുള്ള സംഘം വിദഗ്ധ പരിശോധന നടത്തും. സംഭവത്തിൽ വിശദീകരണം നൽകാൻ ജീല്ലാ കളക്ടറോട് ചീഫ് സെക്രട്ടറി എ ജയതിലക് നിർദേശിച്ചിരുന്നു.
ഞായർ വൈകിട്ട് നാലരയോടെയാണ് നഗരത്തെ പരിഭ്രാന്തിയിലാഴ്‌ത്തി തീ പടർന്നത്. നിരവധി അഗ്‌നിരക്ഷാ യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ച് രാത്രി ഏറെ വൈകിയാണ് തീയണച്ചത്. അപകടത്തിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ഒന്നാംനിലയിലുള്ള കലിക്കറ്റ് ടെക്‌സ്റ്റെൽസിന്റെ മൊത്ത വ്യാപാരശാലയും ഗോഡൗണും കത്തിയമർന്നു. ടെക്‌സ്റ്റെൽസ് ഗോഡൗണിലാണ് ആദ്യം തീ പിടിച്ചത്. സമീപത്തെ പിആർസി മെഡിക്കൽസ് സർജിക്കൽസ് വിഭാഗത്തിലേക്കും തീപടർന്നു. ആളപായമില്ല. കോടികളുടെ നഷ്‌ടമാണുണ്ടായത്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റുകളും കലിക്കറ്റ് എയർപോർട്ട് ഫയർഫോഴ്സും ചുമട്ടുതൊഴിലാളികളും നാട്ടുകാരും മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാ സേനയുടെ നിർണായക ഇടപെടൽ സമീപത്തെ കടകളിലേക്ക് തീപടരാതെ കാത്തു. പുക ഉയർന്നപ്പോൾത്തന്നെ കടയിൽനിന്ന് ആളുകൾ ഒഴിഞ്ഞു. ബാക്കിയുള്ളവരെ പൊലീസെത്തി വേഗത്തിൽ ഒഴിപ്പിച്ചു. അവധി ദിനമായതിനാലും സമീപമുള്ള കടകൾ അടഞ്ഞുകിടന്നതിനാലും വൻദുരന്തം ഒഴിവായി. പരിസരത്ത് നിർത്തിയിട്ട വാഹനങ്ങൾക്കും തീപിടിച്ചിട്ടുണ്ട്. കോട്ടൂളി സ്വദേശി എം മുകുന്ദന്റെ ഉടമസ്ഥതയിലുള്ളതാണ് കലിക്കറ്റ് ടെക്‌സ്റ്റെൽസ്.










0 comments