ദീപക് ആത്മഹത്യ കേസ്: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതിവിധി ഇന്ന്

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. സ്വകാര്യ ബസിൽ വെച്ച് ഷിംജിത പകർത്തിയ അപകീർത്തികരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ദീപക്കിന്റെ മരണം. ദീപക്കിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഷിംജിത നിലവിൽ 21 ദിവസമായി റിമാൻഡിൽ കഴിയുകയാണ്. പ്രതി ഉപയോഗിച്ച മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. എന്നാൽ, ഫോറൻസിക് പരിശോധനാ ഫലം വരുന്നത് വരെ പ്രതിയെ ജയിലിൽ പാർപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. നേരത്തെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഷിംജിത സെഷൻസ് കോടതിയെ സമീപിച്ചത്. കേസിലെ ശാസ്ത്രീയ തെളിവുകൾ നിർണായകമായതിനാൽ കോടതിയുടെ ഇന്നത്തെ തീരുമാനം ഏറെ ശ്രദ്ധേയമാണ്.










0 comments