കോഴിക്കോട് കോൺഗ്രസ്സിൽ പൊട്ടിത്തെറി; നിജേഷ് അരവിന്ദ് രാജിവെച്ചു

നിജേഷ് അരവിന്ദ്
കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ്സിൽ പൊട്ടിത്തെറി. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറിയെന്ന് നിജേഷ് അരവിന്ദ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി പരിഗണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നിജേഷ് അരവിന്ദ് രാജിക്കത്ത് കൈമാറിയത്.
കേരള നിയമസഭാ തെരഞ്ഞെടുപ്പിന് എലത്തൂര്‍ മണ്ഡലത്തിലേക്ക് നിജേഷ് അരവിന്ദിനെ പരിഗണിച്ചിരുന്നെങ്കിലും അവസാനഘട്ടത്തില്‍ പാര്‍ട്ടി ഒഴിവാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും നിജേഷ് അരവിന്ദിന് യാതൊരു ചുമതലയും പാര്‍ട്ടി നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു നിജേഷ് അരവിന്ദിന്‍റെ രാജി.
നേരത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്ന സമയത്ത് നിജേഷ് അരവിന്ദ് കോൺഗ്രസ്സിനെതിരെ രംഗത്തുവന്നിരുന്നു. ആയിരം തെരത്തെടുപ്പുകളിൽ സീറ്റ് നിഷേധിക്കപ്പെട്ടാലും സീറ്റിനും പദവിക്കും വേണ്ടി മരണംവരെ ഒരാളുടെയും പെട്ടി പിടിക്കില്ലെന്നും ഇന്നലത്തേക്കാൾ സജീവമായി ഇവിടെ തന്നെ കാണുമെന്നുമായിരുന്നു അന്ന് നിജേഷ് അരവിന്ദ് പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വന്നതോടെ ഉത്തരം കിട്ടിയെന്നും വ്യക്തിപരമായി അതിലും വലിയ തിരിച്ചറിവുകൾ ഉണ്ടായെന്നും നിജേഷ് അരവിന്ദ് ആരോപിച്ചിരുന്നു.










0 comments