Deshabhimani

കെഎംസിസി ഓഫീസിലെ കവർച്ച: ദുരൂഹത ബാക്കി; തുടരന്വേഷണവും വഴിമുട്ടി

Qatar KMCC Robbery

ബിജെപി നേതാവ് ബാലകൃഷ്ണൻ

avatar
സ്വന്തം ലേഖകൻ

Published on Oct 23, 2026, 07:31 AM | 2 min read

കൊയിലാണ്ടി: ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ചയിൽ തുടരന്വേഷണത്തിന് വഴിമുട്ടി പൊലീസ്. കേസിൽ തുടരന്വേഷണത്തിനായി ഖത്തറിലെത്തണമെന്നതും അവിടെ കേസുകൾ നിലവിൽ ഇല്ലാത്തതുമാണ്‌ പൊലീസിനെ കുഴക്കുന്നത്‌. കവർച്ച നടന്ന്‌ ഒരുവർഷമായിട്ടും കെഎംസിസി ഭാരവാഹികൾ പരാതി നൽകാത്തതിലും ദുരൂഹതയുണ്ട്‌.


2025 സെപ്‌തംബര്‍ 18നായിരുന്നു ഖത്തറിലെ അല്‍ തുമാമയിലെ കെഎംസിസി ഓഫീസില്‍ കവര്‍ച്ച. ഓഫീസിലെ സ്‌ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തശേഷം 31 ലക്ഷം റിയാൽ (8.6 കോടി ഇന്ത്യൻ രൂപ) ആണ് കവര്‍ന്നത്.


ഖത്തർ കെഎംസിസി പ്രസിഡന്റ്‌ പി കെ റഹീം നൽകിയ പരാതിയിലാണ്‌ കൊയിലാണ്ടി പൊലീസ്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്‌. കേസിൽ ബിജെപി പ്രവർത്തകൻ നെല്യാടി സ്വദേശി പരപ്പിന്‍കുനിയില്‍ ബാലകൃഷ്ണൻ (60) മാത്രമാണ്‌ അറസ്‌റ്റിലായത്‌. കൊയിലാണ്ടി സ്വദേശി ബോംബെ ഷാജി, പയ്യോളി സ്വദേശികളായ റാഷി, ബാവ എന്ന സാലിഹ്, മമ്മിളി എന്ന ഹസൻ, നിസാർ എന്നിവരാണ്‌ മറ്റു പ്രതികൾ.


അറബിയുടെ വീട്ടിൽ ജോലി വാഗ്ദാനം ചെയ്താണ് തന്നെ ഖത്തറിലെത്തിച്ചതെന്നും ഭീഷണിപ്പെടുത്തി കെഎംസിസി ഓഫീസിലെ ലോക്കറുകൾ തകർക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നുമാണ് ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. വെൽഡിങ് തൊഴിലാളിയായിരുന്ന ഇയാളെ സുഹൃത്ത് മുഖേനയാണ് ഷാജഹാൻ (ബോംബെ ഷാജി) പരിചയപ്പെട്ടതെന്നാണ് മൊഴി. സൗജന്യ വിസയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു.


എന്നാൽ, ഖത്തറിലെത്തിയപ്പോൾ ജോലി ലഭിച്ചില്ല. തുടർന്നാണ്‌ കെഎംസിസി ഓഫീസിലെ ലോക്കറുകൾ ഗ്യാസ് കട്ടറും കമ്പിപ്പാരയും ഉപയോഗിച്ച് തകർക്കാൻ ആവശ്യപ്പെട്ടത്‌. ലോക്കർ പൊളിക്കുന്നതിനിടെ വെൽഡിങ് ബ്ലേഡ് പൊട്ടിത്തെറിച്ച് കണ്ണിനും ശരീരത്തിനും പരിക്കേറ്റു. ലോക്കറുകൾ തകർത്ത് പണം ബാഗുകളിലാക്കി മറ്റുള്ളവർ കൊണ്ടുപോയെന്നും പിന്നീട് തന്റെ പാസ്‌പോർട്ടിനൊപ്പം 50,000 രൂപ മൂല്യമുള്ള ഖത്തർ റിയാൽ കൈമാറി നാട്ടിലേക്ക് തിരിച്ചയച്ചെന്നുമാണ് ബാലകൃഷ്ണന്റെ മൊഴി. എന്നാൽ, ഇത്‌ പൊലീസ്‌ മുഖവിലക്കെടുത്തിട്ടില്ല. മറ്റു പ്രതികളെ പിടികൂടിയാൽ മാത്രമേ അന്വേഷണം മുന്നോട്ട്‌ പോകൂ.


​ഇതിനിടെ കേസിലെ പ്രതിയായ ബോംബെ ഷാജി, കമറു പയ്യോളി എന്നയാൾക്കയച്ച ഫോൺ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ‘തനിക്ക് തരേണ്ട പങ്ക് ഉടൻ എത്തിക്കണം. അഞ്ചെട്ട് മാസം താൻ മിണ്ടാതെയിരുന്നു. ഇനി അതാവില്ല. ഒരിക്കലും കിട്ടില്ലെന്ന് പ്രതീക്ഷിച്ച 25 കോടിയോളം രൂപയാണ് തങ്ങൾ എടുത്തുനൽകിയത്‌’– സന്ദേശത്തിൽ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home