ad
Deshabhimani

ആഘോഷരാവിൽ
 ക്ഷേത്രാങ്കണം
 ദുരന്തഭൂമിയായി

koyilandy elephant
avatar
എ സജീവ്‌കുമാർ

Published on Feb 14, 2025, 12:19 AM | 2 min read



കൊയിലാണ്ടി : മണക്കുളങ്ങര ഭഗവതി ക്ഷേത്രോത്സവം നാടിനാകെ ആഘോഷമാണ്‌. അഞ്ച്‌ ദിവസം നീളുന്ന ചടങ്ങുകൾക്കൊടുവിൽ മേളപ്പെരുക്കവും കോലംവെട്ടും കഴിഞ്ഞ്‌ പുലർച്ചെ പിരിഞ്ഞിരുന്നവർ വ്യാഴം സന്ധ്യയിൽ ചിതറിപ്പിരിയേണ്ടി വന്നു. ആനക്കലിയിൽ മൂന്ന്‌ ജീവനുകൾ പൊലിഞ്ഞതോടെ ഉത്സവപ്പറമ്പിൽ നിലവിളിയും കണ്ണീരും നിറഞ്ഞു.


ഉത്സവത്തിന്റെ സമാപന ദിവസത്തിൽ കുറവങ്ങാട്‌ ശിവക്ഷേത്രത്തിൽനിന്നാണ്‌ താലപ്പൊലി വരവ്‌. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കുറവങ്ങാട്‌ ക്ഷേത്രത്തിലേക്ക്‌ നീങ്ങിയിരുന്നു.


അഞ്ചരയോടെ സമീപ പ്രദേശത്ത്‌ നിന്നുള്ള ആഘോഷവരവ്‌ മണക്കുളങ്ങരയിലേക്കെത്തി. വരവിനിടെ പടക്കം പൊട്ടിച്ചതോടെയാണ്‌ എഴുന്നള്ളിപ്പിലുണ്ടായിരുന്ന പീതാംബരൻ എന്ന ആന ഇടഞ്ഞത്‌. ഇടഞ്ഞ പീതാംബരൻ ഒപ്പമുണ്ടായിരുന്ന ഗോകുലെന്ന ആനയുടെ പിന്നിൽ കുത്തി. ഇതോടെ ഗോകുലും വിരണ്ടോടി. അക്രമാസക്തരായ ആനകൾ വഴിപാട്‌ കൗണ്ടറും സ്റ്റോറും പ്രവർത്തിക്കുന്ന കെട്ടിടം ഇടിച്ചുതകർത്തു. കെട്ടിടത്തിന്റെ ചുവര്‌ ഇടിഞ്ഞുവീണാണ്‌ നിരവധിയാളുകൾക്ക്‌ പരിക്കേറ്റത്‌.


അപകടമുണ്ടായതിന്‌ പിന്നാലെ ക്ഷേത്രം ഭാരവാഹികൾ ഇടപെട്ട്‌ ഉത്സവം നിർത്തിവച്ചു. റൂറൽ പൊലീസ്‌ മേധാവി കെ ഇ ബൈജു, ഡിവൈഎസ്‌പി ഹരിപ്രസാദ്‌, സിഐ ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘവും കൊയിലാണ്ടി തഹസിൽദാർ ജയശ്രീ വാര്യരുടെ നേതൃത്വത്തിലുള്ള റവന്യു സംഘവും സ്ഥലത്തെത്തി. കാനത്തിൽ ജമീല എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്‌, ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാബുരാജ്‌, നഗരസഭാ ചെയർപേഴ്‌സൺ കെ പി സുധ, വൈസ്‌ ചെയർമാൻ കെ സത്യൻ തുടങ്ങിയവർ അപകടസ്ഥലത്തും ആശുപത്രികളിലുമെത്തി രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി.


അൽപ്പമൊന്ന്‌ വൈകിയിരുന്നെങ്കിൽ...

മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ താലപ്പൊലി എഴുന്നള്ളിപ്പിനായി സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കുറവങ്ങാട്‌ ശിവക്ഷേത്രത്തിലേക്ക്‌ പോയപ്പോഴായിരുന്നു മൂന്നുപേരുടെ ജീവനെടുത്ത അപകടമുണ്ടായത്‌. ആയിരത്തോളം പേരായിരുന്നു ക്ഷേത്രാങ്കണത്തിൽ അവശേഷിച്ചത്‌. താലപ്പൊലി എഴുന്നള്ളിപ്പ്‌ ക്ഷേത്രത്തിൽ എത്തുന്നതിന് പിന്നാലെ മേളത്തിനുള്ള ഒരുക്കമാകും. വൻജനകൂട്ടം ഈ സമയം ക്ഷേത്ര പരിസരത്തുണ്ടാവുക. ഈ സമയത്താണ്‌ ഇത്തരത്തിലൊരു അപകടമുണ്ടായതെങ്കിൽ മഹാദുരന്തമായി മാറുമായിരുന്നുവെന്ന്‌ കുറവങ്ങാട്‌ സ്വദേശി ചന്ദ്രൻ പറയുന്നു.


ആശുപത്രികളിൽ 
പ്രത്യേക ക്രമീകരണം:
മന്ത്രി വീണാ ജോര്‍ജ്

കൊയിലാണ്ടിയിൽ ആനയിടിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക ക്രമീകരണം ഒരുക്കി. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജും സജ്ജമാക്കി. വിദഗ്ധ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രി നിർദേശം നൽകി.


പരിക്കേറ്റവർക്ക്‌ 
ചികിത്സയുറപ്പാക്കും

കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തിൽ പരിക്കേറ്റവർക്ക് ചികിത്സയുറപ്പാക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്. ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായും ഇക്കാര്യത്തിൽ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


വനംമന്ത്രി റിപ്പോർട്ട്‌ തേടി

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ സംഭവത്തിൽ വനംമന്ത്രി റിപ്പോർട്ട്‌ തേടി. കലക്ടറോടും ഉത്തരമേഖലാ സിസിഎഫിനോടുമാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home