print edition കളം മാറില്ല ഇൗ വികസനക്കര

കെ എൻ ബാലഗോപാൽ മൈലം ക്യാഷ്യൂ ഫാക്ടറിയിൽ വോട്ടഭ്യർഥിക്കുന്നു.
എം അനിൽ
Published on Mar 27, 2026, 02:08 AM | 2 min read
കൊട്ടാരക്കര : കേരള ധനമന്ത്രി ബാലഗോപാൽ തെങ്കാശിയിൽ ഞങ്ങളുടെ ക്യാമ്പസ് സന്ദർശിച്ചു. പിന്നീട് അദ്ദേഹവുമായി നല്ല സൗഹൃദത്തിലായി. ഇതേപോലെയുള്ള സ്ഥാപനം ഞങ്ങളുടെ നാട്ടിലും തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് കേരള സർക്കാരിൽ നിന്നും സ്റ്റാർട്ടപ്പ് മിഷനിൽനിന്നും സഹായം കിട്ടി. അങ്ങനെ ഞങ്ങളുടെ ഒരു ക്യാമ്പസ് കൊട്ടാരക്കരയിൽ ആരംഭിച്ചു’–ലോകത്തെ പ്രമുഖ ഐടി, ഐടിഇഎസ് കമ്പനി സോഹോ കോർപറേഷൻ സ്ഥാപകൻ ശ്രീധർവെമ്പു ഒരു ദേശീയചാനലിൽ നടത്തിയ വെളിപ്പെടുത്തലാണിത്. ഇങ്ങനെ കൊട്ടാരക്കരയുടെ വികസന കാര്യത്തിൽ കെ എൻ ബാലഗോപാൽ നടത്തിയ ഇടപെടൽ സാക്ഷ്യപ്പെടുത്താൻ നാടാകെ തയാർ. അത്രയ്‌ക്കാണ് നടപ്പായതും നടപ്പാക്കിവരുന്നതുമായ പദ്ധതികൾ.
വികസനത്തിൽ വലിയ മുന്നേറ്റമുണ്ടായ കൊട്ടാരക്കരയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ രണ്ടാമതും എൽഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കുന്നു. അധികാര മോഹത്താൽ സിപിഐ എം വിട്ട് കോൺഗ്രസിൽ ചേക്കേറിയ അയിഷപോറ്റി ആണ് യുഡിഎഫ് സ്ഥാനാർഥി. അയിഷപോറ്റി എത്തിയതോടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ ആർ രശ്‌മി എൻഡിഎയ്‌ക്കായി മത്സരിക്കുന്നു.
കൊട്ടാരക്കര നഗരസഭയും കുളക്കട, മൈലം, ഉമ്മന്നൂർ, കരീപ്ര, വെളിയം, നെടുവത്തൂർ, എഴുകോൺ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊട്ടാരക്കര മണ്ഡലം. 1957ൽ രൂപീകരിക്കപ്പെട്ട മണ്ഡലത്തിന്റെ ആദ്യ നിയമസഭാംഗം കമ്യൂണിസ്റ്റ് പാർട്ടിയിലെ ഇ ചന്ദ്രശേഖരൻ നായർ ആണ്. യുഡിഎഫിലെ ആർ ബാലകൃഷ്‌ണപിള്ളയും ദീർഘനാൾ ഇവിടെനിന്നും വിജയിച്ചിട്ടുണ്ട്. തുടർന്ന് 2006ൽ മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിച്ചതിന് ശേഷം നാളിതുവരെ എൽഡിഎഫ് സ്ഥാനാർഥികളാണ് വിജയക്കൊടി പാറിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ 10,814 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ എൻ ബാലഗോപാൽ വിജയിച്ചത്. വികസന കാര്യത്തിൽ കൊട്ടാരക്കര പഴയ കൊട്ടാരക്കരയല്ല എന്ന് ആരും സമ്മതിക്കുന്നു. രാഷ്‌ട്രീയമായി വിമർശിക്കുന്നവരും ഒരുകാര്യം സമ്മതിക്കുന്നുണ്ട്, മാറ്റമുണ്ടെന്ന യാഥാർഥ്യം. അഞ്ച് വർഷത്തിൽ 1,350 കോടി രൂപയുടെ വികസന പദ്ധതികളാണ് ബാലഗോപാൽ മണ്ഡലത്തിൽ എത്തിച്ചത്. കൊട്ടാരക്കരയെ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന നാടാക്കിമാറ്റുന്ന പദ്ധതികളാണ് ഏറെയും.
സോഹോയുടെ റസിഡൻഷ്യൽ ഐടി പാർക്ക്, ശിലാസ്ഥാപനം കഴിഞ്ഞ കൊട്ടാരക്കര ഐടി പാർക്ക്, ഐടി മേഖലയിൽ തൊഴിൽ അന്വേഷിക്കുന്നവർക്കായി നടപ്പായ വർക്ക് നിയർ ഹോം തുടങ്ങിയവ കൊട്ടാരക്കരയെ ഐടി നഗരത്തിലേക്ക് നയിക്കും. മുഖംമാറുന്ന കെഎസ്‌ആർടിസി ഡിപ്പോ, മാർക്കറ്റ് തുടങ്ങിയവും വികസനത്തിൽ ചിലതുമാത്രം. സാധാരണക്കാരും തൊഴിലാളികളും കർഷകരും തിങ്ങിപ്പാർക്കുന്ന മണ്ഡലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വിവിധ സാമൂഹ്യക്ഷേമ പദ്ധതികളും ആരോഗ്യ, വിദ്യാഭ്യാസ, പശ്‌ചാത്തല മേഖലയിൽ ഉണ്ടായ നേട്ടങ്ങളും ചർച്ചയാണ്. സർക്കാരിന്റെ വികസന തുടർച്ചയ്‌ക്ക് എൽഡിഎഫ് തുടരണമെന്ന കേരളത്തിന്റെ മനസിനൊപ്പമാണ് കൊട്ടാരക്കരയും. എൽഡിഎഫിന് വലിയ രാഷ്‌ട്രീയ സ്വാധീനമുള്ള മണ്ഡലമാണ് കൊട്ടാരക്കര. അത് തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. കൊട്ടാരക്കര നഗരസഭ, കുളക്കട, മൈലം, കരീപ്ര, വെളിയം, ഉമ്മന്നൂർ പഞ്ചായത്തുകളിലും കൊട്ടാരക്കര, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലും കലയപുരം, കരീപ്ര, നെടുവത്തൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും എൽഡിഎഫിന് മികച്ചവിജയം ഉണ്ടായി.











0 comments