print edition അന്തിമ തീരുമാനം കാത്ത് കോറോ ഹെൽത്ത് ജീവനക്കാർ


സ്വന്തം ലേഖകൻ
Published on Jul 12, 2026, 12:01 AM | 1 min read
കൊച്ചി : കോറോ ഹെൽത്ത് കന്പനിയുടെ അന്തിമ തീരുമാനം കാത്ത് പിരിച്ചുവിടപ്പെട്ട ജീവനക്കാർ. 20ന് വീണ്ടും കന്പനിയുമായി തൊഴിൽമന്ത്രി ബിന്ദു കൃഷ്‌ണയുടെ നേതൃത്വത്തിൽ ചർച്ച നടക്കും. അന്ന് കന്പനി അനുകൂലമായി നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണിവർ. ശനിയാഴ്‌ച അവധിയായതിനാൽ തൊഴിൽവകുപ്പ് ജീവനക്കാരുടെ ഹാജരെടുത്തില്ല. തിങ്കളാഴ്‌ച ഹാജർ നൽകാനെത്തുമെന്നും 20 വരെ ഇത് തുടരുമെന്നും ജീവനക്കാർ പറഞ്ഞു.
മന്ത്രിയുടെ സാന്നിധ്യത്തിൽ എറണാകുളം കലക്ടറേറ്റിൽ വെള്ളിയാഴ്‌ച ഒത്തുതീർപ്പ് ചർച്ച നടന്നിരുന്നു. വിഷയത്തിൽ ഹൈക്കോടതികൂടി ഇടപെട്ടതിന്റെ പശ്ചാത്തലത്തിൽ കന്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ ഓൺലൈനായി ചർച്ചയിൽ പങ്കെടുത്തു. എന്നാൽ, സർക്കാരിന്റെയും തൊഴിൽ നഷ്ടപ്പെട്ടവരുടെയും ആവശ്യങ്ങളോ നിർദേശങ്ങളോ കന്പനി മാനേജ്‌മെന്റ് പ്രതിനിധികൾ അംഗീകരിച്ചില്ല. ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിക്കില്ലെന്നും അടുത്ത ചർച്ച നടക്കുന്ന 20 വരെ അവർ വീട്ടിലിരിക്കട്ടെയെന്നുമാണ് പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞത്.
ജീവനക്കാരെ നിലനിർത്തി തൽസ്ഥിതി തുടരണമെന്നാണ് കന്പനി പ്രതിനിധികളോട് ആവശ്യപ്പെട്ടതെന്ന് ചർച്ചയ്‌ക്കുശേഷം മന്ത്രി ബിന്ദു കൃഷ്‌ണ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഇൗ ആവശ്യം അംഗീകരിച്ചില്ല. പരമാവധി ജീവനക്കാരെ കേരളത്തിലെ ഓഫീസുകളിൽ നിലനിർത്തി ബാക്കിയുള്ളവരെ രാജ്യത്തെ മറ്റു ഓഫീസുകളിലേക്ക് മാറ്റണമെന്ന ആവശ്യവും തള്ളി. ജോലിയില്ലാത്തതിനാലാണ് ഓഫീസ് അടച്ചുപൂട്ടുന്നതെന്നും കന്പനി അറിയിച്ചു. 20ലെ ചർച്ചയിൽ കന്പനി അധികൃതർ നേരിട്ട് പങ്കെടുത്തില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യയെ തിങ്കളാഴ്‌ച ഡൽഹിയിലെത്തി കാണാനും തീരുമാനിച്ചിട്ടുണ്ട്.









0 comments