കൊലപാതകത്തിൽ കുറ്റസമ്മതം : മരിച്ചയാളുടെ രേഖാചിത്രം പുറത്തുവിട്ടു

മുക്കം
39 വർഷംമുമ്പ് കൂടരഞ്ഞിയിൽ ഒരാളെ കൊന്നതായി മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദാലിയുടെ വെളിപ്പെടുത്തലിൽ പറയുന്ന മരിച്ചയാളെ തിരിച്ചറിയാൻ രേഖാചിത്രം പുറത്തുവിട്ട് തിരുവമ്പാടി പൊലീസ്.
മുഹമ്മദാലിയുടെ മൊഴിയുടെയും സൂചനയുടെയും അടിസ്ഥാനത്തിലാണ് മരിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കിയത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയ പൊലീസ് 1986 ൽ 116/86 ആയി രജിസ്റ്റർചെയ്ത കേസ് ഫയൽ പൊടി തട്ടിയെടുത്ത് കൊല്ലപ്പെട്ടതാരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശിയാണെന്നും പാലക്കാട് സ്വദേശിയാണെന്നുമൊക്കെ നാട്ടുകാർക്കിടയിൽ സംസാരമുണ്ടെങ്കിലും കൃത്യമായി ആർക്കും ഒന്നുമറിയില്ല.
14-ാം വയസ്സിൽ വാതല്ലുർ തോമസ് എന്ന ഔതയുടെ പറമ്പിൽ ജോലി ചെയ്യുമ്പോൾ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച ആളെ തോട്ടിലേക്ക് ചവിട്ടിത്താഴ്ത്തി കടന്നുകളഞ്ഞുവെന്നാണ് മുഹമ്മദാലിയുടെ മൊഴി. രണ്ടുദിവസം കഴിഞ്ഞാണ് ഇരുപതുകാരൻ തോട്ടിൽ മുങ്ങിമരിച്ചത് അറിഞ്ഞതെന്നും മൊഴിയിലുണ്ട്.
അപസ്മാരമുണ്ടായിരുന്നയാളുടേത് സ്വാഭാവിക മുങ്ങിമരണമാണെന്നാണ് നാട്ടുകാരും പൊലീസും കരുതിയത്. ശ്വാസകോശത്തിൽ ചെളിയും വെള്ളവും കയറിയതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരിച്ച ആളെ തേടി ബന്ധുക്കളാരും എത്തിയില്ല. ഇതിനാൽ അജ്ഞാത മൃതദേഹമായി സംസ്‌കരിക്കുകയും നടപടിക്രമം അവസാനിപ്പിക്കുകയും ചെയ്‌തു. ഇയാളെ കൊലചെയ്തതാണെന്ന മുഹമ്മദാലിയുടെ കുറ്റസമ്മതത്തോടെ മരിച്ച ആളാരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായാണ് രേഖാചിത്രം പുറത്തുവിട്ടത്.
രേഖാചിത്രത്തിലെ രൂപസാദൃശ്യമുള്ള ആരെയെങ്കിലും 1986 കാലത്ത് കാണാതായതായി അറിയുന്നവരോ അക്കാലത്ത് കണ്ടതായി ഓർക്കുന്നവരോ അറിയിക്കണമെന്ന് തിരുവമ്പാടി പൊലീസ് അറിയിച്ചു. ഫോൺ: 9497947246 (എസ്എച്ച്ഒ തിരുവമ്പാടി).










0 comments