പാറമട ഇടിഞ്ഞ് വീണ് മരണം: അപകടത്തിനു പിന്നിൽ നിയമലംഘനം

konni quarry accident deadbody found

ഇടിഞ്ഞുവീണ പാറകള്‍ക്കിടയിലൂടെ തൊഴിലാളിയുടെ മൃതദേഹം കൊണ്ടുവരുന്ന അഗ്നിരക്ഷാസേനാഗംങ്ങള്‍

avatar
ഷാഹീർ പ്രണവം

Published on Jul 08, 2025, 09:47 AM | 2 min read

കോന്നി: വിളിച്ചുവരുത്തിയ ദുരന്തത്തിനുപിന്നിൽ പാറമട മുതലാളിയുടെ നിയമലംഘനം. ചെങ്കുളം ഗ്രാനൈറ്റ്സിൽ നടന്നുവന്നത് ജനങ്ങളെ വെല്ലുവിളിച്ച് നടത്തിയ നിയമ ലംഘനമാണ്‌. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാറമടയിലെ ജോലിയ്ക്കിടെ തുരന്ന പാറയുടെ മുകൾ ഭാഗം ഇടിഞ്ഞ് താഴേക്ക് പതിച്ചാണ് അപകടം ഉണ്ടായത്.


പകൽ ഒന്നോടെ 500ഓളം അടി ഉയരമുള്ള പാറയുടെ താഴ്ഭാഗത്തായി വെടിവെച്ചത്. രണ്ടരയോടെ ഹിറ്റാച്ചി ഉപയോഗിച്ച് പാറക്കല്ലുകൾ നീക്കം ചെയ്യുമ്പോഴാണ്‌ മുകൾഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ മുകളിലേക്ക് പതിച്ചത്. വ്യാപക പരാതികളാണ് ഈ പാറമടയ്ക്കെതിരെ നിലനിൽക്കുന്നത്. തട്ടുതട്ടായി വേണം പാറ പൊട്ടിക്കാനെന്ന നിയമം ലംഘിച്ചായിരുന്നു ഖനനം നടന്നത്. 500ഓളം അടി ഉയരമുള്ള ചെങ്കുത്തായ പാറയ്ക്ക് മൂന്ന് തട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തട്ടുകളുടെ അകലവും പാലിച്ചിരുന്നില്ല. അപകടത്തിന്റെ പ്രധാന കാരണം ഈ നിയമ ലംഘനമാണ്‌. ഇവിടെ അളവിൽ കൂടുതൽ ഖനനം നടക്കുന്നതായി പരാതിയുണ്ട്‌. ഇവിടുത്തെ മാലിന്യങ്ങൾ ഉയരത്തിൽനിന്നും തോട്ടിലൂടെയും, റോഡിലൂടെയും ഒഴുക്കിവിടുകയാണ്. കൊന്നപ്പാറ വേങ്ങത്തടിക്കൽ തോട്ടിലാണ് ഇവ എത്തുന്നത്. കിണറുകളിൽ മലിനജലം എത്തുകയും വർഷങ്ങളായി കുളിക്കാനും നനയ്ക്കാനുമായി പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന തോട് മാലിന്യത്തോടായി മാറുകയും ചെയ്തു.


പാറമടയുടെ അനുമതി കഴിഞ്ഞ സാഹചര്യത്തിൽ കോടതിയെ സമീപിച്ച് കോവിഡ് കാലത്തെ ആനുകൂല്യമായി അനുമതി നീട്ടി വാങ്ങിയാണ് പ്രവർത്തിക്കുന്നത്. ഈ കാലാവധിയും കഴിഞ്ഞാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ജിയോളജിസ്റ്റ് മാർക്ക് ചെയ്തു നൽകുന്ന സ്ഥലത്തെ പാറ മാത്രമേ പൊട്ടിക്കാൻ പാടുള്ളു. ഇപ്പോൾ പൊട്ടിക്കുന്ന സ്ഥലം മാർക്ക് ചെയ്തതാണോ എന്ന് സംശയയിക്കുന്നു. ക്രഷർ ലൈസൻസ് കഴിഞ്ഞ മാസം 30ന് അവസാനിച്ചിരുന്നു. ഇതുസംബന്ധിച്ചും നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പാറമടയ്ക്കെതിരെ 250ലധികം പരാതികളാണ് നിലവിലുള്ളത്.


നാട്ടുകാർ മന്ത്രി എം ബി രാജേഷിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രിയുടെ നിർദേശപ്രകാരം ഒരു സംഘം ഇവിടെയെത്തി പരിശോധന നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ ഇവിടെ മണ്ണിടിച്ചിൽ സാധ്യത ഏറെയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം അവഗണിച്ചാണ്‌ പാറമട പ്രവർത്തിച്ചു വന്നിരുന്നത്. നീണ്ട മണിക്കൂറുകളുടെ രക്ഷാപ്രവർത്തനത്തിന്റെ ഫലമായി 6.15 ഓടെയാണ് ഒരു തൊഴിലാളിയുടെ മൃതദേഹം പുറത്തെടുക്കാനായത്. ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി കോന്നി തഹസിൽദാർ സന്തോഷകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജോ മോഡി, വി ടി അജോമോൻ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home