കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം
മിഥുന്റെ കുടുംബത്തിന് കെഎസ്ഇബി 5 ലക്ഷം ധനസഹായം നൽകും; സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തും

കൊല്ലം: ഷോക്കേറ്റ് മരിച്ച വിദ്യാർഥിയുടെ കുടുംബത്തിന് കെഎസ്ഇബി 5 ലക്ഷം രൂപ ധനയഹായം നൽകും. പ്രാഥമികമായാണ് 5 ലക്ഷം നല്‍കുന്നത്. സംഭവത്തിൽ കെഎസ്ഇബി ഉന്നതതല അന്വേഷണം നടത്തുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. അടിയന്തരമായി വൈദ്യുതി ലൈനുകൾ പരിശോധിക്കാൻ നിർദേശം നൽകി.
സംഭവത്തിൽ കെഎസ്ഇബിക്കും സ്കൂൾ അധികൃതർക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗ്രൗണ്ട് ക്ലിയറന്‍സില്‍ വീഴ്ച വന്നു. തറനിരപ്പിൽ നിന്നും നിശ്ചിത ഉയരം വേണമെന്ന വ്യവസ്ഥ പാലിച്ചില്ല. ഷെഡ് കെട്ടുമ്പോൾ സ്കൂൾ അധികൃതർ അനുമതി തേടിയില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചത്. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുനാ (13) ണ് മരിച്ചത്. മിഥുന്റെ ചെരിപ്പ് സൈക്കിൾ ഷെഡിനു മുകളിലായുള്ള ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. കുട്ടികളിലാരോ ആണ് ചെരിപ്പ് എറിഞ്ഞതെന്നാണ് വിവരം. ഇതെടുക്കാനായി മിഥുൻ ഷീറ്റിന് മുകളിലേക്ക് കയറിയപ്പോഴായിരുന്നു അപകടം. ഷീറ്റിന് മുകളിൽ കയറിയ കുട്ടി തെന്നിയതോടെ 11 കെവി ലൈനിൽ കയറി പിടിക്കുകയായിരുന്നു.










0 comments