മിഥുന്റെ മരണത്തിൽ നടപടി; പ്രധാനധ്യാപികയെ സസ്‌പെൻഡ് ചെയ്തു

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നടപടി. സംഭവത്തിൽ പ്രധാനധ്യാപികയെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ നിർദേശപ്രകാരമാണ് അധ്യാപികയായ എസ് സുജയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ജി. മോളിക്കായിരിക്കും പകരം ചുമതല.
മിഥുന്റെ മരണത്തെത്തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോട്ടിന്മേൽ സ്കൂളിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് മെയ് 13ന് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കുലർ പുറത്തിറക്കുകയും ചെയ്തു. വീഴ്ച വരുത്തിയതിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യാന്‍ നേരത്തെത്തന്നെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും നിര്‍ദേശം നൽകിയിരുന്നു.
വ്യാഴം രാവിലെയാണ് സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ ചെരുപ്പ് എടുക്കാൻ കയറിയ മിഥുൻ ഷോക്കേറ്റ് മരിച്ചത്. ക്ലാസിൽ ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിനു മുകളിൽ തങ്ങി. ഇതെടുക്കാൻ ക്ലാസിൽനിന്ന് ബെഞ്ചും ഡെസ്‌കും ചേർത്തിട്ട് മിഥുൻ മുകളിലേക്ക് കയറി. മുകൾജനാലയുടെ തടികൊണ്ടുള്ള മറ ഇളക്കിമാറ്റി അതിലൂടെ തകരഷെഡിന് മുകളിലേക്കു കയറിയപ്പോഴാണ് ഷോക്കേറ്റത്. ഷീറ്റിൽനിന്ന് തെന്നിയപ്പോൾ മുകളിലുള്ള ത്രീഫേസ് ലൈനിൽ പിടിച്ചതാണ് അപകടകാരണം. ബഹളംകേട്ട് ഓടിക്കൂടിയ അധ്യാപകരും മറ്റും കുട്ടിയെ ശാസ്‌താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.









0 comments