കൊല്ലം റെയിൽവേ സ്റ്റേഷൻ: പിറ്റ്‌ലൈൻ ഇല്ല, കൂടുതൽ ട്രെയിൻ സ്വപ്‌നം മാത്രം

കൊല്ലം: മുന്നൂറ്റിയറുപത് കോടിയിലേറെ രൂപയുടെ നവീകരണം നടക്കുന്ന കൊല്ലം റെയിൽവേ സ്റ്റഷനിൽ കൂടുതൽ എക്‌സ്‌പ്രസ് ട്രെയിനുകൾ ആരംഭിക്കാൻ പിറ്റ്‌ലൈൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ട്രാക്കുകൾ മീറ്റർഗേജായിരുന്ന കാലത്ത് കൊല്ലത്ത് പിറ്റ്‌ലൈൻ ഉണ്ടായിരുന്നു. മീറ്റർഗേജിൽനിന്ന് ബ്രോഡ്‌ഗേജിലേക്ക് വികസിച്ചപ്പോൾ പിറ്റ്‌ലൈൻ കൊല്ലത്തിനു നഷ്ടമായി. ഇപ്പോഴുള്ള അഞ്ചാമത്തെ പ്ലാറ്റ്‌ഫോമിനു സമീപമായിരുന്നു നേരത്തെ പിറ്റ്‌ലൈൻ ഉണ്ടായിരുന്നത്. കോച്ചുകൾ നിർത്തിയിട്ട് അറ്റകുറ്റപ്പണി ചെയ്യാനുള്ള സംവിധാനമാണ് പിറ്റ്‌ലൈൻ (കോച്ചിങ് ഡിപ്പോ).
രാജ്യത്ത് മിക്ക ടെർമിനൽ സ്റ്റേഷനിലും പിറ്റ്‌ലൈൻ നിലവിലുണ്ട്. എന്നാൽ, സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നായ കൊല്ലം സ്‌റ്റേഷനെ റെയിൽവേ അധികൃതർ അവഗണിക്കുകയാണ്. കോടികൾ ചെലവഴിച്ചുള്ള സ്റ്റേഷൻ നവീകരണത്തിൽ പിറ്റ്‌ലൈൻ, പുതിയ ട്രാക്ക്, പ്ലാറ്റ്‌ഫോം തുടങ്ങിയ അടിസ്ഥാന വികസനമില്ല. സ്റ്റേഷൻ നവീകരണം ആവശ്യമാണെന്നും എന്നാൽ, പുതിയ കെട്ടിടങ്ങൾ നിർമിച്ചതുകൊണ്ട് കൂടുതൽ വണ്ടികൾ ഓപ്പറേറ്റ് ചെയ്യാൻ കഴിയില്ലെന്നും റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ തിരുവനന്തപുരം – എറണാകുളം ലൈനിൽ തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, എറണാകുളം എന്നിവിടങ്ങളിൽ പിറ്റ്‌ലൈൻ സൗകര്യമുണ്ട്. കൊല്ലം സ്റ്റേഷനിൽനിന്നാണ് പുനലൂർ – ചെങ്കോട്ട – ചെന്നൈ ലൈൻ ആരംഭിക്കുന്നത് എന്ന പ്രാധാന്യംപോലും റെയിൽവേ പരിഗണിക്കുന്നില്ല.
കൊല്ലം – ചെന്നൈ അനന്തപുരി എക്‌സ്‌പ്രസ് (തിരുവനന്തപുരം വഴി), പുനലൂർ വഴി കൊല്ലം–-ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ്, കൊല്ലം– -വിശാഖപട്ടണം (ആഴ്‌ചയിൽ ഒരുദിവസം), കൊല്ലം –-തിരുപ്പതി (രണ്ടുദിവസം) എന്നീ ട്രെയിനുകളാണ് നിലവിൽ കൊല്ലത്തുനിന്ന് ആരംഭിക്കുന്നത്. ഈ വണ്ടികളുടെയെല്ലാം പ്രാഥമിക അറ്റകുറ്റപ്പണികൾ ചെയ്യുന്നത് മറ്റ് ടെർമിനൽ സ്റ്റേഷനിലാണ്. കൂടുതൽ എക്‌സ്‌പ്രസ് ട്രെയിനുകൾ വേണമെന്ന ആവശ്യം യാത്രക്കാരും ജനപ്രതിനിധികളും ഉന്നയിക്കുമ്പോൾ കൊല്ലത്ത് പിറ്റ്‌ലൈൻ ഇല്ലെന്ന തടസ്സവാദമാണ് റെയിൽവേ അധികൃതർ ഉയർത്തുന്നത്. എന്നാൽ, പിറ്റ്‌ലൈൻ പുനഃസ്ഥാപിക്കാൻ നടപടി വൈകിക്കുന്നതും ഇതേ അധികൃതർ തന്നെയാണ്. കൊല്ലത്ത് മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്ക് പിറ്റ്‌ലൈൻ സൗകര്യമുണ്ട്.
Highlights : നവീകരണത്തിൽ കെട്ടിടം മാത്രം, പുതിയ ട്രാക്കും പ്ലാറ്റ്‌ഫോമുമില്ല









0 comments