കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു

പ്രസന്ന ഏണസ്റ്റ് കോർപറേഷൻ സെക്രട്ടറിക്ക് രാജിക്കത്ത് കെെമാറുന്നു. ഫോട്ടോ: എ ആർ അരുൺരാജ്
കൊല്ലം: കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. എൽഡിഎഫ് ധാരണ പ്രകാരമാണ് രാജി. കഴിഞ്ഞ അഞ്ചിന് മേയർ സ്ഥാനം കൈമാറാനുള്ള മുന്നണിധാരണ പാലിച്ചില്ലെന്നാരോപിച്ച് സിപിഐയുടെ പ്രതിധികളായ ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സവിതദേവി, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ സജീവ് സോമൻ എന്നിവർ സ്ഥാനം ഒഴിഞ്ഞിരുന്നു.
മേയർ സ്ഥാനം ഒഴിയുമ്പോൾ ഡെപ്യൂട്ടി മേയർ ചുമതലയേൽക്കലാണ് രീതി. എന്നാൽ ഡെപ്യൂട്ടി മേയർ ഇല്ലാത്ത സാഹചര്യത്തിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ് ഗീതാകുമാരി താൽക്കാലിക ചാർജ് ഏറ്റെടുക്കും. മേയറുടെ രാജി വിവരം തെരഞ്ഞെടുപ്പ് കമീഷനെ ഉടൻ അറിയക്കുമെന്ന് കോർപറേഷൻ സെക്രട്ടറി ഡി സാജു പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷൻ ജില്ലയിലെ മുഖ്യ വരണാധികാരിയായ കലക്ടർക്ക് അറിയിപ്പ് നൽകുന്നതനുസരിച്ചാകും പുതിയ മേയറെ തെരഞ്ഞെടുക്കുക. തുടർന്ന് സ്ഥിരംസമിതി അധ്യക്ഷസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണത്തിൽ സിപിഐ എമ്മിന് ഒറ്റയ്‌ക്ക് ഭൂരിപക്ഷമുണ്ടെന്നും എന്നാൽ മുന്നണി ധാരണ അനുസരിച്ചാണ് മേയർ സ്ഥാനം സിപിഐക്ക് നൽകാൻ തീരുമാനിച്ചതെന്നും ഇതേ തുടർന്നാണ് രാജിയെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ അറിയിച്ചിരുന്നു. സിപിഐ എം- 28, സിപിഐ- 20 എന്നിങ്ങനയെയാണ് നിലവിലെ എൽഡിഎഫ് കക്ഷിനില.
മേയറായുള്ള അവസാന കൗൺസിൽ യോഗത്തിൽ പ്രസന്ന ഏണസ്റ്റ്. ഫോട്ടോ: എ ആർ അരുൺരാജ്
കോർപറേഷൻ ഇതുവരെ ഒരുക്കിയത് 6713 വീടുകൾ: പ്രസന്ന ഏണസ്റ്റ്
ലൈഫ് പദ്ധതി പ്രകാരം ലഭിച്ച ഏഴായിരത്തോളം അപേക്ഷകളിൽ ൬൭13 പേർക്കുള്ള ഭവനം ൨൬൮.൫2 കോടി രൂപ ചെലവിൽ നിർമിക്കാനായത് അഭിമാനനേട്ടമായി കാണുന്നുവെന്ന് പ്രസന്ന ഏണസ്റ്റ്. മേയർ സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ടു വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സ്വപ്നതുല്യമായ വികസന ക്ഷേമ പ്രവർത്തനങ്ങളിലൂടെ കൊല്ലത്തെ മഹാനഗരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൗൺസിൽ ഇക്കാലയളവിൽ പ്രവർത്തിച്ചത്. ശുചിത്വനഗരം സുന്ദരനഗരം എന്ന ലക്ഷ്യം കൈവരിക്കുവാനായി. എഴുപത്തിയഞ്ച് വർഷമായി കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ കുന്നുകൂടിക്കിടന്ന ഒരുലക്ഷത്തിനാലായിരം ക്യൂബിക് മീറ്റർ മാലിന്യം ബയോമൈനിങ്ങിലൂടെ നീക്കി കേരളത്തിന് മാതൃകയായതിനൊപ്പം മനോഹരമായ പൂന്തോട്ടമാക്കി മാറ്റുകയുംചെയ്തു.
കോർപറേഷനും കിഫ്ബിയും കിൻഫ്രയുമായി ചേർന്ന് ഐടി പാർക്കും ഭാരത് പെട്രോളിയം കോർപറേഷനുമായി ചേർന്ന് സിഎൻസി പ്ലാന്റും സ്ഥാപിക്കുവാനും ധാരണയായി. അഞ്ച് സമീപ പഞ്ചായത്തുകളിലെ ഉൾപ്പടെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി കോർപറേഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ 565കോടി രൂപ ചെലവിൽ ആവിഷ്കരിച്ച പദ്ധതിയായ ഞാങ്കടവ് പദ്ധതി അവസാനഘട്ടത്തിലാണ്.
ദിനംപ്രതി 100എംഎൽഡി ശുദ്ധജലം 24 മണിക്കൂറും വിതരണംചെയ്യാൻ ഇതിലൂടെ സാധിക്കും. 12 എംഎൽഡി മാലിന്യം സംസ്കരിക്കുന്നതിനുള്ള പ്ലാന്റിന്റെ നിർമാണം പൂർത്തിയാകുന്നു. അഷ്ടമുടിയെ വീണ്ടെടുക്കാനുള്ള ‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ എന്ന പദ്ധതിയും വിജയപാതയിൽ നീങ്ങുന്നു. ഫ്ലാറ്റ് നിർമ്മിക്കുന്നതിന് മയ്യനാട് പഞ്ചായത്തിൽ ഒന്നര ഏക്കർ ഭൂമി വാങ്ങി. അതിദരിദ്രർക്കും, ജനറൽ എസ്‌സി വിഭാഗത്തിനും ഭൂമി വാങ്ങുന്നതിന് ആറുകോടി രൂപയും നീക്കിവച്ചു. 300 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമ്മിക്കുന്നതിന് 26കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചു. കേരളത്തിൽ ആദ്യമായി ട്രാൻസ്ജെൻഡേഴ്സിന് പരിശീലന കേന്ദ്രം നിർമിച്ചു നൽകാനും സാധിച്ചു– പ്രസന്ന ഏണസ്റ്റ് പറഞ്ഞു.









0 comments